
തൃശ്ശൂര്‍: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. അഡീഷനല്‍ ജില്ലാ കോടതിയാണ് സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീഴ്ച വരുത്തിയതായി നിരീക്ഷിച്ച ഹൈക്കോടതിയാണ് കേസ് തൃശ്ശൂരിലേക്ക് മാറ്റിയത്.
ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ നടന്ന വിളക്കണയ്ക്കല്‍ സമരത്തെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സ്വന്തം വീട്ടില്‍ വിളക്കണച്ചശേഷം അടുത്ത വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തില്‍ ദീപുവിന്റെ തലയിലും വയറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പോയാല്‍ കൊന്നു കളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ദീപു സംഭവം ആരോടും പറഞ്ഞിരുന്നില്ല. അതേസമയം അക്രമികള്‍ വീടിന് മുന്നില്‍ തമ്പടിക്കുകയും ചെയ്തിരുന്നു.
ആരോഗ്യനില മോശമായതോടെയാണ് ദീപുവിനെ അയല്‍വാസികള്‍ ഉള്‍പ്പടെയുള്ളവരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയത്ത് തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാകുകയും ഛര്‍ദ്ദി രൂക്ഷമാകുകയും ചെയ്തിരുന്നു. രാജഗിരി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു.