അടിമാലി: രാത്രി തുടങ്ങി പുലർച്ചെ വരെ എട്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം. നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്കു മറിഞ്ഞ ടോറസ് ലോറിക്കടിയിൽപ്പെട്ട രണ്ടു യുവാക്കൾ മരിച്ചു. കൊച്ചി -ധനുഷ്ക്കോടി ദേശീയ പാതയിൽ അടിമാലി വാളറ കൂത്തിനു സമീപം തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം.
കോതമംഗലം തലക്കോട് സ്വദേശികളായ വരാപ്പുറത്ത് ഷിജു(33),താന്നിച്ചുവട്ടിൽ സന്തോഷ്(34)എന്നിവരാണ് മരിച്ചത്. ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും ലോറിക്കടിയിൽനിന്നു പുറത്തെടുക്കാനായത്.അടിമാലിയിൽനിന്നു കോതമംഗലത്തേക്കു വരിയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ടു കൊക്കയിലേക്കു പതിക്കുകയായിരുന്നു. പലതവണ മറിഞ്ഞ ലോറി താഴ്വാരത്തു കൂടിയൊഴുകുന്ന ദേവിയാറിന്റെ തീരത്താണ് വന്നു പതിച്ചത്. അപകട വിവരം അറിഞ്ഞയുടൻതന്നെ ഫയർഫോഴ്സും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമടങ്ങുന്ന സംഘം രക്ഷപ്രവർത്തനം തുടങ്ങി.വാളറയിലെ ഹൈവേ ജാഗ്രത സമതി പ്രവർത്തകരും പങ്കാളികളായി.
റോഡിൽ നിന്നും വടം വലിച്ചുകെട്ടിയാണ് 300 അടിയോളം താഴെ ടോറസ് കിടക്കുന്ന ദേവിയാറിന്റെ തീരത്തു രക്ഷപ്രവർത്തകർ എത്തിയത്. രാത്രി എട്ടോടെ തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്നു പുലർച്ചെ മൂന്നു വരെ നീണ്ടുനിന്നു. ക്രെയിൻ എത്തിച്ച് വാഹനം ഉയർത്തിയാലെ ലോറിക്കടിയിൽപ്പെട്ടവരെ പുറത്തെടുക്കാൻ കഴിയു എന്നതായിരുന്നു രക്ഷാപ്രവർത്തകരുടെ ആദ്യനിഗമനം.പിന്നീട് ക്രെയിൻ സ്ഥലത്ത് എത്തിച്ചു വാഹനം ഉയർത്താൻ ശ്രമം ആരംഭിച്ചെങ്കിലും ദുർഘട സാഹചര്യം തടസമായി.
വാഹനം കിടന്നിരുന്ന സ്ഥലത്തേക്കു വഴി വെട്ടിതെളിച്ചതോടെയാണ് രക്ഷപ്രവർത്തനം വേഗത്തിലായത്.ഗ്യാസ് കട്ടർ ഉപയോഗിച്ചു വാഹനത്തിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് രക്ഷപ്രവർത്തകർ പുലർച്ചെയോടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. ഡീസൽ ടാങ്കിനു ചോർച്ചയുണ്ടായിരുന്നതിനാൽ ഏറെ സാഹസപ്പെട്ടാണ് രക്ഷപ്രവർത്തകർ ദൗത്യം പൂർത്തിയാക്കിയത്.