തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കൊറോണ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് നാളെ (ഞായറാഴ്ച) മുതല്‍ ആരംഭിക്കുന്നതാണ്.
നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
എങ്ങനെ കരുതല്‍ ഡോസ് ബുക്ക് ചെയ്യാം?
· കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
· ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക.
· നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
· രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
· അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,22,701 കുട്ടികള്‍ക്ക് കൊറോണ വാക്‌സിന്‍ നല്‍കി. സംസ്ഥാനത്ത് ആകെ 4,41,670 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതൊടെ ഈ പ്രായത്തിലുള്ള നാലിലൊന്നിലധികം (29 ശതമാനം) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായി.
തിരുവനന്തപുരം 7871, കൊല്ലം 9896, പത്തനംതിട്ട 5141, ആലപ്പുഴ 9185, കോട്ടയം 11,776, ഇടുക്കി 1743, എറണാകുളം 1856, തൃശൂര്‍ 19,156, പാലക്കാട് 12,602, മലപ്പുറം 10,581, കോഴിക്കോട് 3528, വയനാട് 3929, കണ്ണൂര്‍ 21,626, കാസര്‍ഗോഡ് 3811 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.