മെല്‍ബണ്‍: നൊവാക് ജോക്കോവിച്ചിന് പിന്നാലെ ചെക് റിപ്പബ്ലിക് വനിതാ താരം റെനാറ്റ വൊറാക്കോവയുടെ വീസയും ഓസ്ട്രേലിയ റദ്ദാക്കി. കൊറോണ വാക്‌സീന്‍ എടുക്കാത്ത റെനാറ്റയും പ്രത്യേക ഇളവിനായി അപേക്ഷിച്ചിരുന്നു. ജോക്കോവിച്ചിനെ താമസിപ്പിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് റെനാറ്റ ഇപ്പോള്‍. എന്നാൽ ഇവര്‍ അപ്പീൽ നൽകുമോയെന്ന് വ്യക്തമല്ല. ഓസ്ട്രേലിയന്‍ ഓപ്പണിനായി എത്തിയതായിരുന്നു താരം .
ഈ മാസം 17 മുതലാണ് ഓസ്ട്രേലിയൻ ഓപ്പൺ. ടൂർണമെന്‍റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സീൻ എടുത്തിരിക്കണമെന്നാണ് ചട്ടം. വാക്സീൻ എടുക്കാൻ പറ്റാത്ത ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവർക്ക് ഇളവ് നൽകും. ഈ ഇളവ് തനിക്ക് ലഭിച്ചെന്ന് അവകാശപ്പെട്ടായിരുന്നു വാക്സീൻ വിരുദ്ധനായ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയയിലെ മെൽബണിലെത്തിയത്.
വിമാനത്താവളത്തിൽ എത്തിയപാടെ ജോക്കോവിച്ചിനെ സുരക്ഷാ സേന തടഞ്ഞു. കൊറോണ വ്യാപനം രൂക്ഷമായ ഓസ്ട്രേലിയയിൽ ആർക്കും ഇളവ് നൽകാനാകില്ലെന്ന് വ്യക്തമാക്കി. ജോക്കോവിച്ചിനെ 15 മണിക്കൂറിലധികം മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് സൂപ്പര്‍താരത്തെ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.