നാഗാലാൻഡിലെ വിവാദ നിയമം ‘അഫ്സ്പ’ ആറുമാസത്തേക്ക് കൂടി നീട്ടി

കോഹിമ: നാഗാലാൻഡിലെ വിവാദ നിയമമായ ‘അഫ്സ്പ’ ആറുമാസത്തേക്ക് കൂടി നീട്ടി. ഈ മാസം ആദ്യം സൈന്യത്തിന്റെ വെടിവെപ്പിലും തുടർന്നുണ്ടായ പ്രതിഷേധത്തിലും 14 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പട്ടാളത്തിന് പ്രത്യേക അവകാശം നൽകുന്ന ഈ നിയമം പിൻവലിക്കണമെന്ന് വ്യാപകമായിആവശ്യം ഉയർന്നിരുന്നു.

അഫ്സ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശോധന നടത്താൻ സമിതി രൂപവത്കരിക്കുമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച ശേഷമായിരുന്നു നെയ്ഫ്യൂ റിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് അഫ്സ്പ നിയമം ആറു മാസത്തേക്ക് കൂടി നിട്ടിക്കൊണ്ട് തീരുമാനം ഉണ്ടായിരിക്കുന്നത്.

നാഗാലാൻഡിൽ പ്രശ്നബാധിത പ്രദേശങ്ങളായി കരുതപ്പെടുന്നയിടങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ ആറ് മാസം കൂടുമ്പോഴും അഫ്സപ നിയമം നീട്ടിനൽകുകയാണ് പതിവ്.