ഇംഫാൽ: മണിപ്പൂരിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തുനിന്നും പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കുമെന്ന് കോൺഗ്രസ്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാരിനു മേൽ സംസ്ഥാനം സമ്മർദം ചലുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഭരണകക്ഷിയായ ബിജെപിയും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരൻ സിംഗും അഫ്സ്പ നിയമം പിൻവലിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽ സമ്മർദം ചലുത്തണം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഇംഫാൽ അടക്കം ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഫ്സ്പ പിൻവലിച്ചിട്ടുണ്ടെന്ന് ഓർമിപ്പിച്ചു.
2022-ൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ, ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സംസ്ഥാനമൊട്ടാകെ അഫ്സ്പ ഉടനടി പൂർണ്ണമായും നീക്കം ചെയ്യുന്നതിന് തീരുമാനമെടുക്കും-പാർട്ടി പ്രഖ്യാപിച്ചു.
കഴിഞ്ഞ ശനിയാഴ്ച നാഗാലൻഡിൽ സൈന്യത്തിന്റെ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം അഫ്സ്പ നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്.