ബിപിൻ റാവത്തിന്റെ സംസ്കാരം നാളെ; ഭൗതിക ശരീരം വൈകീട്ട് ഡെൽഹിയിലേക്ക് കൊണ്ട് പോകും

ന്യൂഡെല്‍ഹി: സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ സംസ്കാരം നാളെ. ഭൗതിക ശരീരം ഇന്ന് ഡെൽഹിയിലെത്തിക്കും. പ്രത്യേക സൈനിക വിമാനത്തിലായിരിക്കും മൃതദേഹം എത്തിക്കുക. നാളെ രാവിലെ പതിനൊന്ന് മുതല്‍ ഉച്ചയ്ക്ക് 2 വരെ ഡെൽഹിയിലെ വീട്ടിൽ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം വിലാപയായത്രയായി ഡല്‍ഹിയിലെ കന്റോണ്‍മെന്റില്‍ ഹൗസില്‍ എത്തിക്കും. അവിടെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കും. ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസം ദു:ഖാചരണം നടത്തും.

ഊട്ടിക്ക് സമീപം കൂനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റർ താഴെ വീഴുന്നതിന് മുൻപ്, ആകാശത്ത് വെച്ചുതന്നെ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു.

ശബ്ദം കേട്ട ഭാഗത്തേക്ക് ആദ്യം ഓടിയെത്തിയത് അവിടുത്തെ നാട്ടുകാരായിരുന്നു. എന്നാൽ ലോഹം കത്തുന്ന ചൂടിൽ അവർക്ക് അടുക്കാൻ പോലുമായിരുന്നില്ല. കുടത്തിൽ വെള്ളം കോരിയൊഴിച്ചും കിട്ടാവുന്ന കമ്പിളികളെല്ലാം ഉപയോഗിച്ചുമാണ് അവർ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ അപകടത്തിൽ പെട്ടവരെ പുറത്തെടുക്കുമ്പോൾ ആകെ രണ്ട് പേർക്കാണ് ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്നത്.

ആദ്യം 4 പേർ മരിച്ചെന്നായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ രാജ്യത്തിന്റെ ആദ്യത്ത സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരും ദാരുണമായി കൊല്ലപ്പെടുകയിരുന്നു. ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ പെട്ടവരിൽ ആകെ രക്ഷപെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.