കുറുപ്പിന്റേതെന്ന് കരുതുന്ന മൃതദേഹം സംസ്‌കരിക്കാൻ ഒരുങ്ങുമ്പോഴാണ് കാറുമായി പൊന്നപ്പൻ പ്രത്യക്ഷപ്പെടുന്നത്; ശരിക്കും സുകുമാരകുറുപ്പ് ഒളിച്ച് താമസിച്ചത് എവിടെ?

ആലപ്പുഴ: കേരളത്തെ നടുക്കിയ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ദീർഘനാൾ ജീവിച്ചിരുന്നതായി റിപ്പോർട്ടുകൾ. കേരള പൊലീസ് ഏറെ അന്വേഷിച്ചിട്ടും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടാൻ കഴിയാതിരുന്നത് കുറുപ്പിന്റെയും ബന്ധുക്കളുടെയും പണവും ഉന്നത ബന്ധങ്ങളുമെന്നാണ് ആരോപണം.

ലോകത്തെ തന്നെ കുറ്റകൃത്യങ്ങളിൽ ഏറെ വ്യത്യസ്തമായ കൊലപാതകവും ദുരൂഹത നിറഞ്ഞ. ഒളിജീവിതവുമായിരുന്നു സുകുമാരകുറുപ്പിൻ്റേത്. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും ഒരു ശവശരീരം മോഷ്ടിച്ച് കത്തിച്ച് ​ഗൾഫിൽ നിന്നുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുക മാത്രമായിരുന്നു സുകുമാരക്കുറുപ്പിനുണ്ടായിരുന്ന ലക്ഷ്യമത്രേ. ഇതിനായി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരായ അകന്ന ബന്ധുക്കളടക്കമുള്ളവരെ കുറുപ്പ് സമീപിച്ചിരുന്നു.

താൻ പോലും അറിയാതെ സുകുമാരക്കുറുപ്പ് കൊലക്കേസ് പ്രതിയായി മാറുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ഇപ്പോഴും എല്ലാവരോടും ആവർത്തിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ കുടുംബം പ്രതാപശാലികളാണ്. അതുകൊണ്ട് തന്നെ ഒരിക്കൽ പൊലീസിന്റെ പിടിയിലായ കുറുപ്പിനെ വിട്ടയച്ചെന്ന മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തലും പ്രസക്തമാകുന്നത്. ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയുടെ കൊലപാതകത്തിൽ സുകുമാരക്കുറുപ്പിന് ഒരു പങ്കും ഉണ്ടായിരുന്നില്ലെന്നാണ് കുറുപ്പിന്റെ ബന്ധുക്കളും ചില നാട്ടുകാരും ഇപ്പോഴും പറയുന്നത്.

ചാക്കോ വധക്കേസ് സംബന്ധിച്ച് കേസന്വേഷണം നടത്തിയ ചില പോലുസുദ്യോഗസ്ഥരുടെ ഭാഷ്യം ഇങ്ങനെ. ഗൾഫിൽ നിന്ന് കിട്ടുമായിരുന്ന ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ഒരു മരണ നാടകം നടത്താനാണ് കുറുപ്പും ഭാര്യയുടെ അനിയനായ ഭാസ്‌കരപിള്ളയും ഡ്രൈവറായ പൊന്നപ്പനും ഗൾഫിൽ വച്ചുള്ള അടുത്ത സുഹൃത്തായ ചാവക്കാടുകാരൻ ഷാഹുലും പദ്ധതിയിട്ടത്. ഇതിനായി ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കുറുപ്പിനോട് സാമ്യം തോന്നുന്ന മൃതദേഹം സംഘടിപ്പിക്കാനായി നീക്കം. മോർച്ചറി കാവൽക്കാരൻ മധു കുറുപ്പിന്റെ സഹോദരീ ഭർത്താവായിരുന്നു.

മൃതദേഹം സംഘടിപ്പിച്ചു കൊടുക്കാമെന്ന് മധു ഏറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കുറുപ്പിന്റെ കാറിൽ പൊന്നപ്പനും ഭാസ്‌കരപിള്ളയും ഷാഹുവും മെഡിക്കൽ കോളജിൽ എത്തിയത്. അപ്പോഴേക്കും മൃതദേഹ മോഷണത്തിന്റെ വരും വരായ്കകൾ ചിന്തിച്ച മധു പിന്നാക്കം പോയി. കാവൽ ശക്തമാണെന്നും മൃതദേഹം എടുക്കാൻ കഴിയില്ലെന്നും മധു വന്നവരെ അറിയിച്ചു.

കുറുപ്പ് ഇവരുടെ ഒപ്പമില്ലാതിരുന്നതും മധുവിനെ പിന്നാക്കം പോകുവാൻ പ്രേരിപ്പിച്ചു. മൂവർ സംഘം മടങ്ങാൻ തീരുമാനിച്ചു. വന്ന സ്ഥിതിക്ക് കുറച്ചു ക്ലോറോഫോമും പഞ്ഞിയും ഇവർ മധുവിനോട് ആവശ്യപ്പെട്ടു. മധു എടുത്തു നൽകി. അതു വാങ്ങി ഇവർ തിരികെ ഹൈവേ വഴി ചെറിയനാടിന് പുറപ്പെട്ടു.

സുകുമാരക്കുറുപ്പ് കൊണ്ടു വന്ന സ്‌കോച്ചും കാറിൽ കരുതിയാണ് മൂവർ സംഘം മെഡിക്കൽ കോളജിന് പോയത്. മൃതദേഹം കിട്ടാതെ വന്നപ്പോൾ തിരികെ വരുന്ന വഴി കാറിലിരുന്ന അത് അടിച്ചു തീർത്തു. ലഹരി പോരാന്ന് തോന്നിയപ്പോൾ കൽപ്പകവാടി ഹോട്ടലിൽ കയറി വീണ്ടും മദ്യപിച്ചു. യാത്ര തുടരുന്നതിനിടെയാണ് വഴിയരികിൽ വാഹനം കാത്തു നിൽക്കുന്ന ഫിലിം റെപ്രസെൻ്റേറ്റീവ് ചാക്കോയെ മൂവർ സംഘം കാണുന്നത്. ഡ്രൈവർ പൊന്നപ്പന് ഒറ്റ നോട്ടത്തിൽ ചാക്കോയെ മനസിലായി. സനാതനം വാർഡിൽ പൊന്നപ്പന്റെ വിടിന് തൊട്ടടുത്താണ് ചാക്കോ താമസിക്കുന്നത്.

തന്റെ അയൽവാസിയാണ് ചാക്കോ എന്ന വിവരം പിന്നിൽ ഇരിക്കുന്നവരോട് പൊന്നപ്പൻ പറഞ്ഞില്ലത്രേ. പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ചാക്കോ കൊല്ലപ്പെടുമായിരുന്നില്ല. കുറുപ്പിനൊപ്പം ഉയരവും വണ്ണവുമുള്ള ചാക്കോയെ കൊല്ലട്ടെയെന്ന് പൊന്നപ്പനും കരുതിക്കാണണം. ഇതാണ് തങ്ങളുടെ ഇരയെന്ന് പിൻസീറ്റിൽ ഇരുന്ന ഭാസ്‌കരപിള്ളയും ഷാഹുവും തീരുമാനിച്ചു. അവർ ചാക്കോയ്ക്ക് മദ്യം ഓഫർ ചെയ്തു. താൻ കുടിക്കാറില്ലെന്ന് ചാക്കോ പറഞ്ഞു. സ്നേഹപൂർവം നിരസിക്കുകയും ചെയ്തു.

കുറച്ചു കഴിഞ്ഞപ്പോൾ ഭീഷണിയുടെ സ്വരത്തിൽ നിർബന്ധമുണ്ടായി. ഇതോടെ ഭയന്നു പോയ ചാക്കോ തന്റെ മോതിരം ഊരി ഇവർക്ക് കൊടുത്തിട്ട് തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. പിന്നിലിരുന്ന നരാധമന്മാർ തോർത്ത് കഴുത്തിൽ മുറുക്കി ചാക്കോയെ കൊന്നു.

മൃതദേഹവുമായി വരുന്ന മൂവർ സംഘത്തെ കാത്ത് മാവേലിക്കരയ്ക്ക് സമീപം കൊച്ചാലുംമൂട്ടിൽ നിൽക്കുകയായിരുന്നു കുറുപ്പ്. മധുവിൽ നിന്ന് മൃതദേഹം കിട്ടിയില്ലെന്നും പകരം തങ്ങൾ ഒരുത്തനെ തട്ടിയെന്നും ഭാസ്‌കരപിള്ള കുറുപ്പിനോട് പറഞ്ഞു. ‘ നീയൊക്കെ എന്തെങ്കിലും ചെയ്യ് ഞാൻ പോകുന്നുവെന്നും കുറുപ്പ് പറഞ്ഞത്രേ. മൃതദേഹം കത്തിക്കാനായി വാങ്ങിയ കാറിലാണ് കുറുപ്പുണ്ടായിരുന്നത്. അപകടം മണത്ത കുറുപ്പ് സ്ഥലം കാലിയാക്കാൻ തീരുമാനിച്ചു.

ചാക്കോയുടെ കൊലപാതകത്തിന് ശേഷം പാലക്കാട് ഒരു ലോഡ്ജിലാണ് കുറുപ്പും ഡ്രൈവർ പൊന്നപ്പനും മുറിയെടുത്തിരുന്നത്. പത്രങ്ങളിൽ അതാത് ദിവസം വരുന്ന വാർത്തകൾ നിരീക്ഷിച്ചിരുന്ന കുറുപ്പിന് സംഗതി പന്തികേടാണെന്ന് മനസിലായി. പൊന്നപ്പനൊപ്പം നടന്നാൽ പിടി വീഴും. കാറുമായി നടക്കുന്നതും അപകടമാണ്. നാട്ടിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ ഡ്രൈവർ പൊന്നപ്പനെ കുറുപ്പ് പറഞ്ഞ് അയച്ചത് അങ്ങനെയാണ്. കാർ വീട്ടിൽ കൊണ്ടിട്ട ശേഷം കുറച്ച് ഡ്രസും എടുത്ത് വരണമെന്ന് പറഞ്ഞാണ് പൊന്നപ്പനെ വിട്ടത്.

കുറുപ്പിന്റേതെന്ന് കരുതുന്ന മൃതദേഹം സംസ്‌കരിക്കാൻ ഒരുങ്ങുമ്പോഴാണ് കാറുമായി പൊന്നപ്പൻ പ്രത്യക്ഷപ്പെടുന്നത്. പൊന്നപ്പനെ കണ്ട കുറുപ്പിന്റെ ബന്ധുക്കളിൽ ഒരാൾ ഇയാളെ കടന്നു പിടിച്ചു. നീ കുറുപ്പിനെ കൊന്നില്ലേടാ എന്നായിരുന്നു ചോദ്യം. ഇതോടെ പൊന്നപ്പൻ സത്യം പറഞ്ഞു. കുറുപ്പ് പാലക്കാട്ടുണ്ട്. ഈ കാർ പൊലീസ് സ്റ്റേഷനിൽ എത്തിക്കണം.

അപകടം മണത്ത ബന്ധുക്കൾ പൊന്നപ്പനെ പിന്തിരിപ്പിച്ചു. കുറുപ്പിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുത്താണ് പൊന്നപ്പൻ തിരികെ പോയത്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ പ്രമാണികളായ ബന്ധുക്കൾ അദ്ദേഹത്തെ രക്ഷിക്കാൻ നീക്കം നടത്തി.ഇതിന്റെ ഭാഗമായി ചെറിയനാട്ട് അമ്പലത്തിൽ ഉത്സവം നടക്കുന്ന സമയം കുറുപ്പ് നാട്ടിലെത്തി.

മാവേലിക്കരയിൽ ട്രെയിൻ ഇറങ്ങി റെയിൽവേ പാളത്തിലൂടെ നടന്നാണ് കുറുപ്പ് നാട്ടിലെത്തിയത്. മൂന്നു ദിവസം അമ്മാവനായ വാസുദേവക്കുറുപ്പിന്റെ വീട്ടിൽ താമസിച്ചു. അടുത്ത ബന്ധുക്കളായ ഗോപാലകൃഷ്ണ കാരണവർ, അപ്പുക്കുട്ടൻ പിള്ള എന്നിവരും പുലിയൂർ സ്വദേശിയായ ഡ്രൈവർ മുരളി എന്നിവർ ചേർന്നാണ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ കുറുപ്പിനെ കൊണ്ടു വിട്ടത്. ഭോപ്പാലിൽ അമ്മാവന്റെ ഭാര്യയുടെ അനിയത്തിയും മറ്റു ബന്ധുക്കളുമുണ്ടായിരുന്നു. അവിടേക്കായിരുന്നു കുറുപ്പിന്റെ പോക്ക്.

അക്കാലത്ത് കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ക്രിമിനൽ വക്കീലായിരുന്നു ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്ന മഹേശ്വരൻ പിള്ള. ചെങ്ങന്നൂർ ഡിവൈ.എസ്‌പിയായിരുന്ന ഹരിദാസ് ബന്ധുക്കളോട് പറഞ്ഞത് കുറുപ്പിനെ ഹാജരാക്കണമെന്നായിരുന്നു. പൊലീസിൽ കീഴടങ്ങിയാൽ മഹേശ്വരൻ പിള്ള വക്കീൽ കുറുപ്പിനെ രക്ഷിച്ചു കൊടുക്കുമെന്നും ബന്ധുക്കൾ ഉറച്ചു വിശ്വസിച്ചു. ഇക്കാര്യം കുറുപ്പിനെ മനസിലാക്കാൻ ബന്ധുക്കൾ കഴിവതും ശ്രമിച്ചു. എന്നാൽ, കുറുപ്പിന് ഭയമായിരുന്നു.

പട്ടാളത്തിൽ നിന്ന് ഒളിച്ചോടി വന്നതായിരുന്നു കുറുപ്പ്. അവിടെ എന്തോ ഗൗരവമേറിയ കുഴപ്പം കുറുപ്പ് ഒപ്പിച്ചു വച്ചിരുന്നു. ഇവിടെ കൊലക്കേസിൽ കൂടി പെട്ടാൽ തനിക്ക് വധശിക്ഷ ഉറപ്പാണെന്നായിരുന്നു കുറുപ്പിന്റെ പക്ഷം. പേരു കേട്ട അഭിഭാഷകനെയും പൊലീസിനെയും വിശ്വാസത്തിൽ എടുക്കാൻ തയാറാകാതെയായിരുന്നു കുറുപ്പിന്റെ പലായനം.

സുകുമാരക്കുറുപ്പിനെ പിടികൂടാൻ സാധിക്കാതെ വന്നതോടെ അക്കാലത്തെ എല്ലാ പത്രമാധ്യമങ്ങളിലും വാരികകളിലും സുകുമാരക്കുറുപ്പിന്റെ ഫോട്ടോ അച്ചടിച്ച് വന്നിരുന്നു. എന്നിട്ടും കയ്യിൽ കിട്ടിയ സുകുമാരക്കുറുപ്പിനെ പൊലീസ് വിട്ടയച്ചു എന്ന മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തൽ കേരളം കേട്ടത് ഞെട്ടലോടെയാണ്.

1989 ജനുവരിയിലാണ് മാധ്യമങ്ങളിൽ സുകുമാരക്കുറുപ്പിന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകൾ പൊലീസ് പ്രസിദ്ധീകരിച്ചത്. അഞ്ചു വർഷം മുമ്പ് കരുവാറ്റക്കും തോട്ടപ്പള്ളിക്കും ഇടക്കുള്ള തൃക്കുന്നപ്പുഴ റോഡിൽ വെച്ച് ചാക്കോയെന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് ചുട്ടുകരിച്ച സംഭവത്തിന് പിന്നിലുള്ള സുകുമാരക്കുറുപ്പാണ് ചിത്രത്തിലെന്ന് പറഞ്ഞായിരുന്നു പരസ്യം. മലയാളവും ഇം​ഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കും, അ‍ഞ്ചടി ഒമ്പതിഞ്ച് ഉയരം, വെളുത്ത നിറം, ചിലപ്പോൾ താടിയുണ്ടാകും, ഇല്ലെങ്കിൽ കീഴ്ത്താ‌ടിയിൽ രണ്ട് കുഴികൾ കാണാം, ഇടത്തെ കവിളിൽ കറുത്ത മറുകുണ്ട് തുടങ്ങി എല്ലാ വിലവരങ്ങളും അടക്കമായിരുന്നു അക്കാലത്തെ പരസ്യങ്ങൾ.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ പൊലീസ് ഇൻസ്പെ‌ക്ടർ ജനറൽ, ക്രൈംസ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കണം എന്നായിരുന്നു പൊലീസിന്റെ നിർദ്ദേശം. ഇത്രയധികം ജാ​ഗ്രതയോ‌ടെ പൊലീസ് ഇടപെട്ട കേസിലാണ് കയ്യിലായ പ്രതിയെ എന്തെന്നോ ആരെന്നോ പോലും തിരക്കാതെ പറഞ്ഞ് വിട്ടതെന്ന വെളിപ്പെടുത്തലാണ് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലക്‌സാണ്ടർ ജേക്കബ് ആ കഥ പറഞ്ഞത്. അന്ന് കേസ് തെളിയിക്കുന്നതിന് ഇന്നത്തെപ്പോലെ ശാസ്ത്രീയ രീതികൾ കുറവാണ്. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ അയാളെ വിട്ടയയ്ക്കുകയായിരുന്നു എന്നും അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കുന്നു.’പ്ലാസ്റ്റിക് സർജറി ചെയ്തിരുന്ന പ്രതിയെ തിരിച്ചറിയാൻ ശാസ്ത്രീയമായ വഴികൾ ഇല്ലാതിരുന്നതിനാലാണ് അന്നയാളെ വിട്ടയച്ചതെന്നും മുൻ ഡിജിപി പറയുന്നു.

പൊലീസിന്റെ കൈയിൽ കിട്ടിയ സമയത്ത് തലമുടിയെല്ലാം വെട്ടി മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നു സുകുമാരക്കുറുപ്പ്. മൂന്നുനാലു മണിക്കൂറോളം ഇയാൾ പൊലീസ്സ്‌റ്റേഷനിൽ ഉണ്ടായിരുന്നു. എന്നാൽ ആളെ തിരിച്ചറിയാൻ വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ, സുകുമാരക്കുറുപ്പ് അല്ല എന്ന് കരുതി വിട്ടയക്കുകയായിരുന്നു.

കുറുപ്പിനെ വിട്ടയച്ചത് പൊലീസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വലിയ പാളിച്ചയാണ്. ഇപ്പോഴാണെങ്കിൽ ഫിങ്കർ പ്ലിന്റ് എടുത്താൽ കംപ്യൂട്ടർ വഴി തിരുവനന്തപുരത്ത് അയച്ച് ആളെ തിരിച്ചറിയാൻ അഞ്ച് മിനിറ്റ് മതി. അന്ന് പക്ഷെ ഇത് സാധ്യമല്ലായിരുന്നു.

ഫിങ്കർ പ്രിന്റ് എടുത്ത് താരതമ്യം ചെയ്ത് ആളെ കണ്ടെത്താൻ മന്നുനാലു ദിവസമെടുക്കും. അന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ആളെ പറഞ്ഞുവിട്ട്, മൂന്ന് ദിവസം കഴിഞ്ഞാണ് ഫിങ്കർ പ്രിന്റിന്റെ റിസൽട്ട് വരുന്നതും. സ്റ്റേഷനിൽ കൊണ്ടുവന്നയാൾ സുകുമാരക്കുറുപ്പ് ആയിരുന്നു എന്ന് പൊലീസുകാർക്ക് മനസിലായതും. ഇന്ന് ഇങ്ങനെ സംഭവിക്കില്ല’, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കി. ഡ്രൈവർ പൊന്നപ്പൻ പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്തിരുന്നു.

അതിനിടെ, കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവജീവനിൽ അന്തേവാസിയായി കഴിയുന്നെന്ന സംശയത്തെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. കൊടും കുറ്റവാളിയായിരുന്ന സുകുമാരക്കുറുപ്പിന്റെ രൂപ സാദൃശ്യമുള്ള ആളെ അന്വേഷിച്ചാണ് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്​.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആർപ്പൂക്കരയിലുള്ള നവജീവൻ ആസ്ഥാനത്ത് എത്തിയത്. എന്നാൽ സംശയിച്ച വ്യക്തിക്ക് കുറുപ്പുമായി ചില രൂപസാദൃശ്യങ്ങൾ മാത്രമേ ഉള്ളെന്ന് അന്വേഷണത്തിൽ വ്യക്തമായി.

നവജീവനിൽ കഴിയുന്ന ജോബ് എന്ന ആളെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചെത്തിയത്. ഇയാൾ അടൂർ പന്നിവിഴ സ്വദേശിയെന്നാണ് പറയപ്പെടുന്നത്. നാല് വർഷം മുൻപ് ഉത്തർപ്രദേശിലെ ലഖ്​നോ കിങ്​ ജോർജ്​ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് ജോബ് നവജീവനിൽ എത്തിയത്. ആശുപത്രിയിലെ മലയാളി മെയിൽ നഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് അന്ന് ജോബിനെ അന്ന് ശുശ്രൂഷിച്ചത്. നാട്ടിലേക്ക് കൊണ്ടുവരാനും സഹായിച്ചു.

ജോബിനെ നാട്ടിലെത്താൻ സഹായിക്കാൻ അജേഷ് പത്തനംതിട്ട ഇലവുംതിട്ട സ്വദേശിയായ പ്രവാസി മലയാളി ജിബു വിജയനുമായി ചേർന്ന് ജോബിന്‍റെ കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ആരും തേടിയെത്തിയില്ല. ഒടുവിൽ അജേഷ് നവജീവൻ ട്രസ്റ്റി പി.യു. തോമസുമായി ബന്ധപ്പെടുകയും സംരക്ഷണം ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്​തു. തുടർന്ന് രോഗവിമുക്തനായ ശേഷം ജോബിനെ 2017 ഒക്ടോബർ 19ന് ലഖ്​നോവിൽ നിന്ന് അജേഷിന്‍റെ സ്വന്തം ചെലവിൽ നവജീവനിലെത്തിക്കുകയായിരുന്നു.

കുറച്ചുനാൾ മുൻപ് ജോബിനെ ചികിത്സിച്ച ഡോക്ടർ അജേഷിനെ വിളിച്ച് ചോദിച്ച ഒരു സംശയമാണ് ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിൽ വരെയെത്തിയത്. കിങ്​ ജോർജ്​ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ഓജയ്ക്ക് അന്ന് ചികിത്സിച്ച രോഗി കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ്​ ആയിരുന്നോ എന്നൊരു സംശയം തോന്നുകയായിരുന്നു. സുകുമാരക്കുറുപ്പിന്‍റെ തിരോധാനം സംബന്ധിച്ച് 45 മിനിറ്റ്​ നീളുന്ന ഒരു പ്രോഗ്രാം ഹിന്ദി ചാനലായ ആജ് തക്കിന്റെ ക്രൈം തക് എന്ന പരിപാടിയിൽ വന്നിരുന്നു. ഇതുകണ്ടപ്പോളാണ്​ ഡോക്​ടർക്ക്​ സംശയം തോന്നിയത്​. ഡോക്ടറിന്റെ ചോദ്യത്തോടെ അജേഷിനും ഇതേ സംശയമുണ്ടായി.

സുകുമാരക്കുറുപ്പിന്‍റെ ജീവീതവും ജോബിന്റെ ജീവിതവും തമ്മിൽ വിലയിരുത്തിയപ്പോൾ അജേഷിന്‍റെ സംശയം ഇരട്ടിക്കുകയും ചെയ്​തു. എയർഫോഴ്സിലായിരുന്നു ജോലിയെന്നാണ്​ ജോബ്​ പറഞ്ഞിരുന്നത്​. സുകുമാരക്കുറുപ്പും എയർഫോഴ്​സിൽ ജോലി ചെയ്​തിട്ടുണ്ട്​. 35 വർഷമായി അടൂർ പന്നിവിഴയിലുള്ള വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു, ലഖ്​നോവിലെ ഒരു സ്ത്രീക്കൊപ്പമായിരുന്നു താമസം, അവർ ഇറക്കി വിട്ടതിനെ തുടർന്ന് തെരുവിൽ താമസിക്കുന്നതിനിടയിലാണ്​ അപകടമുണ്ടായത്​ എന്നൊക്കെയാണ്​ ചികിത്സയിലിരിക്കെ ജോബ്​ പറഞ്ഞത്​.

സുകുമാരക്കുറുപ്പ്​ ഉത്തരേന്ത്യയിൽ എവിടെയോ ആയിരുന്നെന്ന്​ പണ്ട്​ വാർത്തകളിൽ കണ്ടതും അജേഷിന്‍റെ സംശയം ഇരട്ടിച്ചു. ഇത്​ ചില ഓൺലൈൻ മാധ്യമങ്ങളുമായി അജേഷ്​ പങ്കുവെക്കുകയും വാർത്തയാകുകയുമായിരുന്നു. ഇത്​ കണ്ടാണ്​ കോട്ടയം ക്രൈംബ്രാഞ്ചിന്‍റെ സഹായത്തോടെ ആലപ്പുഴ ക്രൈംബ്രാഞ്ച്​ നവജീവനിൽ പരിശോധന നടത്തിയത്​.

2020 മാർച്ചിൽ സുകുമാരക്കുറുപ്പിന്‍റെ മകൻ ഫേസ്​ബുക്കിൽ ഒരു ഫോ​ട്ടോ പങ്കുവെച്ചിരുന്നു. ഒരു പെൺകുട്ടിയും പ്രായമുള്ള ഒരാളും ഇരിക്കുന്ന ഫോ​ട്ടോയായിരുന്നു അടിക്കുറിപ്പില്ലാതെ പങ്കുവെച്ചത്​. ആശുപത്രി കിടക്കയിൽ നിന്നെടുത്തതെന്ന്​ കരുതുന്ന ഈ ഫോ​ട്ടോയിലെ ആൾക്ക്​ നവജീവനിൽ കഴിയുന്ന ജോബിനുമായി സാമ്യം ഉണ്ടെന്ന്​ കണ്ടെത്തിയതും പൊലീസിന്‍റെ സംശയം വർധിപ്പിച്ചു. എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ പൊലീസിന് ഇയാൾ സുകുമാരക്കുറുപ്പ് അല്ലെന്ന് മനസ്സിലായി. ഇരുവരുടെയും ഉയരത്തിലും വ്യത്യാസമുണ്ട്. 172 സെ.മീ ഉയരമായിരുന്നു സുകുമാരക്കുറുപ്പിന്​. ജോബിന്റെ ഉയരം 162 സെൻ്റീമീറ്ററായിരുന്നു.