അബുദാബി: ട്വന്റി 20 ലോകകപ്പ് പോരാട്ടത്തില്‍ നമീബിയയ്ക്കെതിരേ പാക്കിസ്ഥാനു തകര്‍പ്പന്‍ ജയം. 45 റണ്‍സിനാണു പാക്കിസ്ഥാന് നമീബിയയെ തകര്‍ത്തത്. പാക്കിസ്ഥാൻ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സില്‍ ഒതുങ്ങി.
തകർപ്പൻ അർധ സെഞ്ചുറിയുമായി പാക് ഇന്നിംഗ്സിന്റെ നട്ടെല്ലായ മുഹമ്മദ് റിസ്വാനാണ് കളിയിലെ കേമൻ. ഈ ജയത്തോടെ പാക്കിസ്ഥാൻ സെമി ഉറപ്പിച്ചു. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ പാക്കിസ്ഥാന് നാലു മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റായി. ഒരു ജയം മാത്രമുള്ള നമീബിയ നാലാം സ്ഥാനത്താണ്.
മറുപടി ബാറ്റിംഗിൽ നമീബിയയ്ക്ക് ഒരു ഘട്ടത്തിലും പാക്കിസ്ഥാനു വെല്ലുവിളി ഉയര്‍ത്താനായില്ല. ക്രെയ്ഗ് വില്ല്യംസ് (40), ഡേവിഡ് വീസ് (43*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ജയത്തിന് പര്യാപ്തമായില്ല. പാക്കിസ്ഥാന് വേണ്ടി ഹസൻ അലി, ഇമാദ് വാസീം, ഹാരീസ് റഫ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഓപ്പണര്‍മാരായ ബാബര്‍ അസം മുഹമ്മദ് റിസ്വാന് എന്നിവരുടെ മികവിലാണ് പാക്കിസ്ഥാന് കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. ഓപ്പണിംഗ് വിക്കറ്റിൽ 113 റൺസ് കൂട്ടുകെട്ട് തീർത്തശേഷമാണ് സഖ്യം പിരിഞ്ഞത്. 50 പന്തില്‍ നിന്ന് എട്ടു ഫോറും നാലു സിക്സുമടക്കം 79 റണ്‍സെടുത്ത റിസ്വാനാണ് ടോപ് സ്കോറർ.
ബാബര്‍ അസം 49 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 70 റണ്‍സെടുത്ത് പുറത്തായി. ശേഷമെത്തിയ ഫഖര്‍ സമാൻ (5) തിളങ്ങാൻ സാധിച്ചില്ല. 16 പന്തുകള്‍ നേരിട്ട ഹഫീസ് അഞ്ചു ഫോറടക്കം 32 റണ്‍സോടെ പുറത്താകാതെ നിന്നു.