കാലിഫോര്‍ണിയ: ഫെയ്‌സ്ബുക്ക് പേര് മാറ്റത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാതൃകമ്പനിയുടെ പേര് മാറ്റി സുക്കര്‍ബര്‍ഗ്. മാതൃകമ്പനി ഇനി മെറ്റ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.ഫേയ്സ് ബുക്ക് കണക്ട് ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം. എന്നാല്‍ ഫേസ്ബുക്ക് , വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പേരില്‍ മാറ്റം വരില്ലെന്നും അദ്ദേഹം അറിയിച്ചു.
കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു. തംബ് അപ്പ് ലോഗോയ്ക്ക് പകരം നീല ഇന്‍ഫിനിറ്റി ഷേപ്പ് നല്‍കുന്ന മെറ്റ എന്നെഴുതിയതാണ് മാതൃകമ്പനിയുടെ പുതിയ ലോഗോ.സോഷ്യല്‍ മീഡിയ കമ്പനി എന്ന തരത്തില്‍ മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേരു മാറ്റമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫോണ്‍ നിര്‍മാണത്തിലേക്കുള്‍പ്പെടെ കമ്പനി കടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജനങ്ങളുടെ കൂടുതല്‍ പ്രവൃത്തികളും വെര്‍ച്വല്‍ ലോകത്താക്കുന്ന മെറ്റാവേഴ്സ് എന്ന മാറ്റത്തിലേക്കാണ് ഫേസ്ബുക്കും ഒരുങ്ങുന്നത്.
സ്വകാര്യതാ ചോര്‍ച്ച സംബന്ധിച്ച് ഫേസ്ബുക്കിനെതിരെയുള്ള വിവാദങ്ങളെ അകറ്റാനും പേരുമാറ്റം സഹായിച്ചേക്കും. ഫേസ്ബുക്കിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് മുന്‍ ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ കമ്പനിയെ ബാധിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ഹേഗെന്‍ എന്ന മുന്‍ ഫേസ്ബുക്ക് പ്രൊഡക്ട് മാനേജരാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. സാധാരണക്കാരുടെ സ്വകാര്യതയെ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള മാര്‍?ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്നും ഇവര്‍ അടുത്തിടെ ആരോപിച്ചിരുന്നു.
ഇതിനിടെ ഒക്ടോബര്‍ ആദ്യ വാരം ഏഴ് മണിക്കൂര്‍ നേരം ഫേസ്ബുക്ക്, വാട്സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നീ ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചതും കമ്പനിക്ക് തിരിച്ചടിയായിരുന്നു. ഈ മാറ്റം തങ്ങളുടെ വ്യത്യസ്ത ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും ഒരു പുതിയ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരുമെങ്കിലും അതിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റം വരുത്തില്ലെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.