കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈൻ അലി തങ്ങളുടെ മൊഴിയെടുത്തു. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നത് മുഈൻ അലി തങ്ങളെയായിരുന്നു.
ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ മുഈന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഈന്‍ അലിയെ ചോദ്യം ചെയ്യാന്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.
ചന്ദ്രികയ്ക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയതിലടക്കം സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു മുഈന്‍ അലിയുടെ ആരോപണം. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണ്.
പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു. സമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഇഡി നേരത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു.