ഷാര്‍ജ: ഐപിഎല്ലിലെ ആവേശകരമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 4 വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ഡെല്‍ഹിയാണ് ഇനി കെകെആറിന്റെ അടുത്ത എതിരാളികള്‍. മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 139 റണ്‍സ് വിജയ ലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കെയാണ് കൊല്‍ക്കത്ത മറികടന്നത്. ഇതോടെ ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായി.
സുനില്‍ നരെയ്‌ന്റെ ഓള്‍റൌണ്ട് പ്രകടനമാണ് 19.4 ഓവറില്‍ വിജയലക്ഷ്യം മറികടക്കാന്‍ കൊല്‍ക്കത്തയെ സഹായിച്ചത്. 4 വിക്കറ്റെടുത്ത നരെയ്ന്‍ 15 പന്തില്‍ നിന്ന് 26 റണ്‍സുമെടുത്തു. ശുഭ്മാന്‍ ഗില്‍ -29, വെങ്കടേഷ് അയ്യര്‍ -26, നിധീഷ് റാണ -23 എന്നിവരും കെകെആര്‍ നിരയില്‍ തിളങ്ങി.
അവസാന മൂന്ന് ഓവറില്‍ കൊല്‍ക്കത്തക്ക് ജയിക്കാന്‍ വെറും പതിമൂന്ന് റണ്‍സ് മാത്രം മതിയായിരുന്നു. 18-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ നരെയ്നെ സിറാജ് പുറത്താക്കി. 15 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ താരം ബൗള്‍ഡ് ആവുകയായിരുന്നു. അതേ ഓവറിലെ നാലാം പന്തില്‍ ദിനേശ് കാര്‍ത്തിക്കിനേയും സിറാജ് മടക്കി അയച്ചു. ആ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ സിറാജ് രണ്ട് വിക്കറ്റും നേടി. ഇതോടെ അവസാന രണ്ട് ഓവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 12 റണ്‍സായി.
ക്രീസില്‍ ക്യാപ്റ്റന്‍ മോര്‍ഗനും, ഷാക്കിബ് അല്‍ ഹസനും. ജോര്‍ജ് ഗാള്‍ട്ടന്റെ 19-ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായത്. ഇതോടെ അവസാന ഓവറില്‍ വിജയ ലക്ഷ്യം ഏഴ് ആയി. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഫോര്‍ നേടി ഷാക്കിബ് മത്സരം വരുതിയിലാക്കി. പിന്നാലെ മുന്ന് സിംഗിളുകള്‍ നേടി കൊല്‍ക്കത്ത വിജയം സ്വന്തമാക്കി. ബാംഗ്ലൂരിനായി സിറാജ്, ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം കെകെആറിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് എടുത്തത്. 39റണ്‍സെടുത്ത നായകന്‍ വിരാട് കോലിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ 18 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. ഗ്ലെന്‍ മാക്‌സ്വെല്‍-15, എബി ഡി വില്ലിയേഴ്‌സ് 13, എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
ഒന്നാം വിക്കറ്റില്‍ കോലിയും ദേവ്ദത്തും ചേര്‍ന്ന് 49 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീട് ടീമിന് മികച്ച കൂട്ടുകെട്ടൊന്നും ഉണ്ടായില്ല. സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് ആര്‍സിബിയുടെ 4 വിക്കറ്റുകള്‍ പിഴുതത്. 4 ഓവറില്‍ 21 റണ്‍സ് വഴങ്ങിയാണ് 4 വിക്കറ്റെടുത്തത്. പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ 30 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു. ഇതോടെ 14-ാ വര്‍ഷവും ഐപിഎല്‍ കിരീടം എന്നത് സ്വപ്നത്തില്‍ മാത്രമായി ഒതുക്കേണ്ട അവസ്ഥയിലായി ബ്ലാംഗ്ലൂരിന്റെ നായകന്‍ കോലിക്കും കൂട്ടര്‍ക്കും. ക്യാപ്റ്റനായുള്ള അവസാന മത്സരമായിരുന്നു കോലിക്ക് ഇത്. എന്നാല്‍ കിരീടമില്ലാതെ താരത്തിന് മടങ്ങേണ്ടിവന്നു.