തൃശൂര്‍: തെങ്ങില്‍ കയറി കുടുങ്ങിപ്പോയ പൂച്ചക്ക് രക്ഷകരായി. അഴീക്കോട് മരപ്പാലത്തിന് പടിഞ്ഞാറ് പോണത്ത് അബ്ദുസ്സലാമിന്റെ വീട്ടിലെ പെണ്‍പൂച്ചയാണ് 40 അടി ഉയരമുള്ള തെങ്ങില്‍ രണ്ട് ദിവസം കുടുങ്ങിയത്.
കുഞ്ഞുങ്ങളുമായി വീടിന് പിന്നിലെ വിറകുപുരയില്‍ കഴിഞ്ഞിരുന്ന പൂച്ച ശനിയാഴ്ച രാത്രി കുറുക്കനെ കണ്ട് പേടിച്ച് വീടിന് സമീപത്തെ തെങ്ങില്‍ ഓടിക്കയറുകയായിരുന്നു.
പൂച്ചയുടെ കരച്ചില്‍ കേട്ടതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തെങ്ങിന്‍റെ തലപ്പില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ മീന്‍ കാണിച്ചും മറ്റും വീട്ടുകാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. രാപ്പകലില്ലാതെ പൂച്ച കരച്ചില്‍ തുടര്‍ന്നതോടെ വീട്ടുകാര്‍ക്കും ഭക്ഷണവും ഉറക്കവുമില്ലാതായി.
തെങ്ങുകയറ്റക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും പൂച്ച ആക്രമിച്ചേക്കുമെന്ന ഭയത്താല്‍ പിന്‍മാറി. ഇതോടെ ഇവരുടെ അയല്‍വാസി തിങ്കളാഴ്ച കൊടുങ്ങല്ലൂര്‍ അഗ്നിശന സേനയുടെ സഹായം തേടുകയായിരുന്നു. അസിസ്റ്റന്‍റ് സ്റ്റേഷന് ഓഫിസര്‍ കെ.എന്‍. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ താഴെ വലവിരിച്ച ശേഷം ഇരുനില വീടിന് മുകളില്‍ മുകളില്‍ കയറി മുളത്തോട്ടി ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇതിനിടെ പൂച്ച തനിയെ ഇറങ്ങാന്‍ ശ്രമിക്കുന്നത് കണ്ട് തോട്ടി ഉപയോഗിച്ച് തടഞ്ഞ് താഴേക്ക് ഇറക്കുകയായിരുന്നു.