ന്യൂഡെൽഹി: കേന്ദ്രസർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരായ ഭാരത് ബന്ദിൽ നിശ്ചലമായി രാജ്യ തലസ്ഥാനം. കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒന്നര കിലോമീറ്ററിൽ അധികം ദൂരമാണ് ഡെൽഹി- ഗുരുഗ്രാം അതിർത്തിയിലെ ഗതാഗത തടസം.
ദേശീയപാതയിലെ വൻ ഗതാഗതക്കുരുക്കിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുഗ്രാമിൽനിന്ന് ഡെൽഹിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങിയ വാഹനങ്ങളാണ് കുരുക്കിൽ അകപ്പെട്ടത്. കർഷക ബന്ദിന്‍റെ ഭാഗമായി ഡെൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കർശന സുരക്ഷ -നിരീക്ഷണം ഡെൽഹി പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാരിൻ്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് കർഷക പ്രക്ഷോഭം. 40ഓളം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയിട്ട് ഒരു വർഷം തികഞ്ഞു. ഇതേതുടർന്നാണ് ഇന്ന് ഭാരത് ബന്ദ് ആചരിക്കുന്നത്.
കർഷക സംഘടനകളെ കൂടാതെ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ബഹുജൻ സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി, തെലുങ്ക്ദേശം പാർട്ടി തുടങ്ങിയവ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിരുന്നു.