ന്യൂഡെൽഹി: ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജാതി സെൻസസ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിതീഷ് പറഞ്ഞു. നിയമാനുസൃതമായ ആവശ്യമാണ് ജാതി സെൻസസ്. അതുപോലെ തന്നെ കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് രാജ്യത്തിന്റെ വികസനത്തിന് അനുകൂലമാണ്. പിന്നോക്ക ജാതികൾക്കായി ലക്ഷ്യമിട്ട ക്ഷേമ പദ്ധതികൾ രൂപീകരിക്കാൻ നയങ്ങൾക്ക് രൂപംകൊടുക്കുന്നവരെ ഇത് സഹായിക്കും. ജാതി സെൻസസ് നടത്തണം. ഈ വിഷയത്തിൽ തങ്ങൾ ബിഹാറിൽ സർവകക്ഷി യോഗം ചേരുമെന്നും നിതീഷ് കുമാർ പറഞ്ഞു.
ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെൻസസിൽ പിന്നാക്ക വിഭാഗ ക്കാർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നത് സാങ്കേതികമായ വെല്ലുവിളികൾ ഉണ്ടാക്കുന്നതാണ്.
കഴിഞ്ഞ പ്രാവശ്യത്തെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിൽ ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിൽനിന്നും മറ്റു പിന്നാക്ക വിഭാഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയെ തുടർന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
ഈ വർഷം നടക്കുന്ന സെൻസസിൽ പട്ടിക ജാതി, പട്ടിക വർഗക്കാർ ഒഴികെയുള്ള വിഭാഗക്കാരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ജനുവരിയിൽ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയം എടുത്തിരുന്നു.
രാജ്യത്തെ കുടുംബങ്ങളുടെ ജീവിത സാഹചര്യം വിലയിരുത്തുന്നതിന് വിവിധ സാമൂഹിക സാമ്പത്തിക സൂചികകളാകും ഉപയോഗിക്കുക. അങ്ങനെ ലഭ്യമാ കുന്ന വിവരങ്ങൾ ഉപയോഗിച്ചാവും കേന്ദ്രസർക്കാർ രൂപം നൽകുന്ന വിവിധ ദാരിദ്ര്യനിർമാർജന പദ്ധതികളിലേക്കായി ആളുകളെ ഉൾപ്പെടുത്തുക.
കഴിഞ്ഞ എസ്ഇസി സെൻസസിൽ 4.28 ലക്ഷം ജാതികളാണ് മഹാരാഷ്ട്രയിൽ നിലവിലുള്ളതായി കണ്ടെത്തിയത്. എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ കണക്കു പ്രകാരം സംസ്ഥാനത്തെ എസ്സി, എസ്ടി വിഭാഗക്കാരടക്കമുള്ള പിന്നാക്കക്കാരായി 494 വിഭാഗങ്ങളെ മാത്രമേ തരംതിരിച്ചിട്ടുള്ളു.
ജാതി തിരിച്ചുള്ള സെൻസസ് നടത്തുന്ന രീതിയിലുള്ള പിഴവുകളാണിതിനു കാരണമെന്നാണ് കേന്ദ്രത്തിന്റെ വാദം. ജാതിയടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കായുള്ള പ്രവേശനം, സംവരണം, തെരഞ്ഞെടുപ്പുകൾ തുടങ്ങിയവയ്ക്ക് യാതൊരു മാനദണ്ഡവും നിലവിൽ പിന്തുടരുന്നില്ലെന്നും ജാതിയടിസ്ഥാ നത്തിലുള്ള ജനസംഖ്യ കണക്കെടുപ്പ് ജനങ്ങളുടെ ജീവിത നിലവാരങ്ങൾ മനസിലാക്കുന്നതിനുള്ള നേരായ മാർഗമല്ലെന്നും ഇപ്പോഴത്തെ രീതി പിന്തുടർന്നാൽ ശരിയായ കണക്കുകൾ ലഭിക്കില്ലെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.