ദുബായ്: ഐ.പി.എൽ 14ാം സീസൺ രണ്ടാം ഭാഗത്തിലെ ആദ്യ കളിയിൽ വിജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്. 20 റൺസിനാണ് ചെന്നൈയുടെ വിജയം. ധോണിയും സംഘവും ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 136ന് അവസാനിച്ചു.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറു വിക്കറ്റിന് 156 റൺസാണെടുത്തത്. ഒരുഘട്ടത്തിൽ മൂന്നു വിക്കറ്റിന് ഏഴു റൺസെന്ന നിലയിൽ തകർന്ന ചെന്നൈയെ രക്ഷിച്ചത് 58 പന്തിൽ 88 റൺസുമായി പുറത്താവാതെനിന്ന ഋതുരാജ് ഗെയ്ക്വാദിൻ്റെ തകർപ്പൻ ബാറ്റിങ്ങാണ്.
അവസാനഘട്ടത്തിൽ രവീന്ദ്ര ജദേജയുടെ ചെറുത്തുനിൽപും (33 പന്തിൽ 26) ഡ്വെയ്ൻ ബ്രാവോയുടെ (8 പന്തിൽ 23) കൂറ്റനടികളും ചെന്നൈക്ക് തുണയായി.ആദ്യ ഓവറിൽ ഫാഫ് ഡുപ്ലസിയെ (0) ട്രെൻറ് ബോൾട്ടും രണ്ടാം ഓവറിൽ മുഈൻ അലിയെ (0) ആഡം മിൽനെയും മടക്കിയതിനുപിന്നാലെ അമ്പാട്ടി റായുഡു (0) പരിക്കേറ്റ് മടങ്ങുകയും സുരേഷ് റെയ്ന ബോൾട്ടിന് വിക്കറ്റ് സമ്മാനിക്കുകയും ചെയ്തതോടെ ചെന്നൈ മൂന്ന് ഓവറിൽ മൂന്നു വിക്കറ്റിന് ഏഴ്. അധികം വൈകാതെ നായകൻ എം.എസ്. ധോണി (3) മിൽനെക്ക് വിക്കറ്റ് നൽകിയതോടെ നാലിന് 24 എന്ന നിലയിലായി.
ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുേമ്പാഴും മറുവശത്ത് ആത്മവിശ്വാസത്തോടെ ബാറ്റുവീശീയ ഗെയ്ക്വാദിന് കൂട്ടായി ജദേജയെത്തിയതോടെ ചെന്നൈ സാവധാനം കരകയറി. ജദേജ പതിവിന് വിപരീതമായി ശ്രദ്ധയോടെ കളിച്ചപ്പോൾ ഗെയ്ക്വാദ് മികച്ച സ്ട്രോക്കുകളിലൂടെ സ്കോർ ചെയ്തു. നാലു സിക്സും ഒമ്പതു ഫോറുമടങ്ങിയതായിരുന്നു ഗെയ്ക്വാദിെൻറ ഇന്നിങ്സ്. 17ാം ഓവറിൽ 105ൽ ജദേജ വീണശേഷമെത്തിയ ബ്രാവോ ആക്രമണമൂഡിലായിരുന്നു.മൂന്നു സിക്സുമായി അതിവേഗം സ്കോർ ചെയ്ത ബ്രാവോയുടെയും ഗെയ്ക്വാദിെൻറയും കരുത്തിൽ ചെന്നൈ 150 കടന്നു. മുംബൈക്കായി ബോൾട്ട്, മിൽനെ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പരിക്കേറ്റ നായകൻ രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയുമില്ലാതെയാണ് മുംബൈ ഇറങ്ങിയത്. പകരം സൗരഭ് തിവാരിയും അൻമോൽപ്രീത് സിങ്ങുമിറങ്ങി. രോഹിതിൻ്റെ അഭാവത്തിൽ കീറോൺ പൊള്ളാർഡാണ് മുംബൈയെ നയിച്ചത്.