നെയ്യാറ്റിൻകര: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ നിറം മാറ്റിയതിനെ ചൊല്ലി സിപിഎം – ബിജെപി സംഘർഷം. ഊരൂട്ടമ്പലം പ്ലാവിള കവലയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തെച്ചൊല്ലി സിപിഎം – ബിജെപി പ്രവർത്തകർ തമ്മിലുള്ള തർക്കമാണ് ബുധനാഴ്ച രാത്രി സംഘർഷാവസ്ഥയിലെത്തിയത്
കാവിനിറമടിച്ചിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം ബുധനാഴ്ച രാത്രി എട്ടുമണിയോടുകൂടി സിപിഎം പ്രവർത്തകർ പിങ്ക് നിറമടിച്ചതാണ് സംഘർഷാവസ്ഥയിലേക്ക് എത്തിച്ചത്. വിവിധ സ്റ്റേഷനുകളിൽനിന്ന് പ്രദേശത്ത് പോലീസ് നിലയുറപ്പിച്ചതോടെ ഇരു പാർട്ടിയിലെയും പ്രവർത്തകർ പിരിഞ്ഞുപോയി.
രണ്ട് മാസങ്ങൾക്കു മുമ്പാണ് പ്ലാവിളയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തെച്ചൊല്ലി സിപിഎം -ബിജെപി തർക്കം തുടങ്ങിയത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിന് കാവിനിറം ബിജെപി പ്രവർത്തകർ പൂശിയതാണ് തർക്കത്തിനിടയാക്കിയത്. ഇതേത്തുടർന്ന് സിപിഎം പ്രവർത്തകർ കാവിനിറം മാറ്റി കാത്തിരിപ്പുകേന്ദ്രത്തിന് മറ്റേതെങ്കിലും നിറമടിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സംരക്ഷണം തങ്ങളാണെന്നും നിറംമാറ്റാൻ കഴിയില്ലെന്നും ബിജെപി പ്രവർത്തകർ വ്യക്തമാക്കി.
ഇതോടെ പ്രശ്നത്തിൽ പോലീസ് ഇടപെടുകയും ഉന്നത അധികാരികൾക്ക് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ റിപ്പോർട്ടിൻ മേലുള്ള നടപടികൾ വരുന്നതിനു മുമ്പ് സിപിഎം പ്രവർത്തകർ പിങ്ക് നിറമടിച്ചതാണ് സംഘർഷ സാധ്യതയിലേക്ക് നയിച്ചത്. പ്രദേശത്ത് അൻപതോളം സിപിഎം – ബിജെപി പ്രവർത്തകർ തടിച്ചുകൂടുകയും വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയതോടൊണ് പ്രവർത്തകർ പിരിഞ്ഞുപോയത്. വിവിധ സ്റ്റേഷനുകളിലെ പോലീസ് ഇപ്പോൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.