തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച തീരുമാനം പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധി അനുകൂലമെങ്കില്‍ മാത്രമേ സ്‌കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളുവെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
വിധി അനുകൂലമെങ്കില്‍ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധസമിതിയെ നിയമിക്കും. നേരത്തെ സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോടതി വിധിയ്ക്ക് ശേഷം മാത്രമേ വിദഗ്ധ സമിതിയെ നിയമിക്കൂ എന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തിരിക്കുന്ന സമയത്ത് സ്തൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകുന്നത് അനുചിതമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. സെപ്റ്റംബര്‍ 13ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരീക്ഷ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതോടെയാണ് സെപ്റ്റംബര്‍ 6നു ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിയത്.
കേരളത്തിലെ കൊറോണ സാഹചര്യം ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് സുപ്രീം കോടതി പരീക്ഷ സ്റ്റേ ചെയ്തത്. കോടതി വിധി എതിരായാല്‍ സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകില്ല. സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.