ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും ആറ് ശതമാനം അധികം രോഗികളാണ് രാജ്യത്തുള്ളത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,29,45,907 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 17,04,970 പരിശോധന നടത്തിയിരിക്കുന്നത്. 52.82 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.
പുതിയതായി 330 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,40,225 ആയി ഉയര്‍ന്നു. 330 കൊറോണ മരണങ്ങളില്‍ 131 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 21,280 പേര്‍ കൊറോണ ബാധിച്ച് മരിച്ചു.
രാജ്യത്ത് കൊറോണ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.43 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,385 പേര്‍ കൊറോണയില്‍ നിന്നും മുക്തി നേടി. 3,21,00,001 പേരാണ് ഇതുവരെ രോഗമുക്തരായത്.
വിവിധ സംസ്ഥാനങ്ങളിലായി 4,05,681 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് ലക്ഷത്തിലധികം സജീവ രോഗികളും കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് വാക്‌സിനേഷനില്‍ കുറവാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,85,687 പേര്‍ക്ക് കൂടി പ്രതിരോധ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 67,72,11,205 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് പോകുമ്പോള്‍ കേരളത്തിലെ ഉയര്‍ന്ന പ്രതിദിന കണക്കില്‍ ആശങ്ക തുടരുകയാണ്. കുറവില്ലാതെ തുടരുന്ന ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തില്‍ ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ശതമാനമാണ്. ഇന്നലെ 29,322 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.