പാരാലിംപിക്‌സില്‍ രണ്ട് മെഡലുകള്‍ കൂടി ഉറപ്പിച്ച് ഇന്ത്യ; പ്രമോദ് ഭഗത്തും സുഹാസ് യതിരാജും ബാഡ്മിന്റണ്‍ ഫൈനലില്‍

ടോക്യോ: പാരാലിംപിക്സില്‍ ഇന്ത്യക്ക് രണ്ട് മെഡലുകളുറപ്പിച്ച് ബാഡ്മിന്റണ്‍ താരങ്ങള്‍. പതിനാലാം മെഡലുറപ്പിച്ച് പ്രമോദ് ഭഗത്തും പതിനഞ്ചാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യയുടെ സുഹാസ് യതിരാജുമാണ് പുരുഷ ബാഡ്മിന്റണ്‍ ഫൈനലുകളില്‍ പ്രവേശിച്ചത്. പുരുഷന്മാരുടെ എസ്എല്‍ 4 വിഭാഗത്തിലാണ് സുഹാസ് ഫൈനലില്‍ പ്രവേശിച്ചത്. എസ്എല്‍ 3 വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ് ഭഗത്തും ഫൈനലില്‍ പ്രവേശിച്ചു.

സെമിയില്‍ ഇന്തോനേഷ്യയുടെ സെത്തിയവാന്‍ ഫ്രെഡിയെയാണ് സുഹാസ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സുഹാസിന്റെ വിജയം. സ്‌കോര്‍: 21-9, 21-15. ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനെയാണ് ഇന്ത്യന്‍ താരം നേരിടുക. ഇന്ത്യയുടെ തരുണ്‍ ധില്ലോണിനെ കീഴടക്കിയാണ് മസൂര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.

അതേസമയം തരുണ്‍ വെങ്കല മെഡലിനായി മത്സരിക്കും. ഈ ഇനത്തിലെ ലോക രണ്ടാം നമ്പര്‍ താരമാണ് തരുണ്‍. ജപ്പാന്‍ താരം ദയ്സുകി ഫുജിഹാരയെയാണ് പ്രമോദ് സെമിയില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-11.21-16.

ബ്രിട്ടന്റെ ഡാനിയേല്‍ ബെതെല്‍ ആണ് പ്രമോദിന്റെ എതിരാളി. ഈ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് പ്രമോദ്. ബെതല്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തും. ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ സെമിയില്‍ തോല്‍പ്പിച്ചാണ് ബെതെല്‍ ഫൈനലിലേക്ക് കടന്നത്. സെമിയില്‍ തോറ്റ മനോജും വെങ്കല പോരിന് ഇറങ്ങുന്നുണ്ട്.