കോഴിക്കോട്: നിയമലംഘനം പതിവാക്കിയെന്ന് പരാതി ഉയർന്ന നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്‍റെ കോഴിക്കോട് കക്കാടം പൊയിലിലെ പാര്‍ക്കിന് വേണ്ടി നിര്‍മ്മിച്ച തടയിണകള്‍ പൊളിച്ച് നീക്കാന്‍ കോഴിക്കോട് കളക്ടറുടെ ഉത്തരവ്. പിവിആര്‍ നാച്വര്‍ റിസോര്‍ട്ടിന് വേണ്ടി നിര്‍മ്മിച്ച നാല് തടയിണകളാണ് ഒരു മാസത്തിനകം പൊളിച്ച് നീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. പാര്‍ക്ക് ഉടമകള്‍ തടയണ പൊളിക്കാന്‍ തയാറായില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് അതിന്‍റെ ചിലവ് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
പാര്‍ക്കിന്‍റെ ഭാഗമായി തടയണകളും കെട്ടിടങ്ങളും നിര്‍മിച്ചത് നിയമ വിരുദ്ധമാണെന്ന് കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ 2020 ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കളക്ടര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.