ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ സ്വകാര്യ വസതിക്കു നേരെ പെട്രോള്‍ ബോംബേറ്. ഞായറാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
വീടിന്റെ മുന്‍വശത്തേക്കും പിന്നിലേക്കുമാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ഇവിടെ തീപടര്‍ന്നെങ്കിലും ഗാര്‍ഡുകളെത്തി തീയണച്ചു.
പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മുൻ തീവ്രവാദി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിൽ വ്യാപക അക്രമവും തീവയ്പും അരങ്ങേറുന്നത്. ഇതേത്തുടർന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ലഖ്മെൻ റിംബൂയി രാജിവച്ചു.
മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നാലു ജില്ലകളിൽ 48 മണിക്കൂർ നേരത്തേക്കു നിർത്തിവച്ചിരിക്കുകയാണ്. ഷില്ലോംഗിൽ ഇന്നലെ രാത്രി എട്ടിനു കർഫ്യൂ നിലവിൽ വന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു വരെ തുടരും.
എച്ച്എൻഎൽസി എന്ന തീവ്രവാദ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന ചെരിസ്റ്റർഫീൽഡ് താംഗ്ഖ്യൂവ് ആണു പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. 2018ലാണ് താംഗ്ഖ്യൂവ് കീഴടങ്ങിയത്. സംസ്ഥാനത്തെ നിരവധി ഐഇഡി സ്ഫോടനങ്ങളുടെ സൂത്രധാരനാണ് ഇയാൾ എന്നാണു പോലീസ് സംശയിക്കുന്നത്.
അറസ്റ്റ് ചെയ്യാൻ പോലീസെത്തിയപ്പോൾ താംഗ്ഖീവ് പോലീസ് സംഘത്തിനുനേരെ കത്തിയാക്രമണം നടത്തിയെന്നും തുടർന്നു നടന്ന വെടിവയ്പിൽ താംഗ്ഖീവ് കൊല്ലപ്പെട്ടെന്നുമാണു ഡിജിപി ആർ. ചന്ദ്രനാഥൻ പറയുന്നത്.