തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാന അധ്യാപകരില്ലാതെ 1596 സർക്കാർ പ്രൈമറി സ്കൂളുകൾ. പ്രധാന അധ്യാപകർക്ക് പകരം സീനിയോറിറ്റിയുള്ള അധ്യാപകർ തന്നെ ഹെഡ് മാസ്റ്റർ ജോലിയും നിർവഹിക്കുന്നു. നിലവിലുള്ള പിസ് സി ലിസ്റ്റിൽ നിന്നും പ്രധാന അധ്യാപകരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
2020- 21 അധ്യയന വർഷത്തിൽ സർക്കാർ പ്രൈമറി സ്കൂളുകളിൽ പ്രധാന അധ്യാപക നിയമനം നടന്നിട്ടില്ല. 1596 ഒഴിവുകളാണ് നിലവിലുള്ളത്. മിക്ക സ്കൂളുകളിലും സീനിയോറിറ്റിയുള്ള അധ്യാപകർ തന്നെ ഹെഡ് മാസ്റ്റർ ജോലിയും നിർവഹിക്കുന്നു. അൻപത് വയസ് പൂർത്തിയായ അധ്യാപകർക്ക് ഒന്നാമത്തെ പ്രൊമോഷനായ ഹെഡ് മാസ്റ്റർ തസ്തികയിലേക്ക് ടെസ്റ്റ് യോഗ്യത ആവശ്യമില്ലെന്ന നിയമമാണ് സംസ്ഥാനത്തുണ്ടായിരുന്നത്.
ഇതിനെതിരേ ടെസ്റ്റ് യോഗ്യത നേടിയ അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പ്രധാന അധ്യാപക നിയമനത്തിന് ടെസ്റ്റ് യോഗ്യത ആവശ്യമാണെന്ന് ട്രൈബ്യൂണൽ ഉത്തരവിറക്കി. ഇതിനെതിരേ മറ്റൊരു വിഭാഗം അധ്യാപകർ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ നിലവിലുള്ള സ്ഥിതി തുടരാനായിരുന്നു വിധി.
50 വയസ്സ് കഴിഞ്ഞവർക്ക് ടെസ്റ്റ് യോഗ്യത നിർബന്ധമല്ലെന്ന കെഇആറിലെ വകുപ്പ് പ്രകാരം സംസ്ഥാന സർക്കാർ 2021 മാർച്ചിൽ വിജ്ഞാപനം പുറത്തിറക്കി. ഇതിനേതിരേ ടെസ്റ്റ് യോഗ്യത നേടിയവർ വീണ്ടും ട്രെബ്യൂണലിനെ സമീപിച്ചു. സർക്കാർ ഉത്തരവ് ട്രൈബ്യൂണൽ ഓഗസ്റ്റ് 31 വരെ സ്റ്റേ ചെയ്തു. അതിനാലാണ് നിയമനം വൈകുന്നതെന്നാണ് വിദ്യാഭ്യാസ അധികൃതരുടെ വിശദീകരണം.
പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്ന ആവശ്യം നിലവിൽ ശക്തമാണ്. സ്റ്റേ ചെയ്ത ഉത്തരവിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ സർക്കാരിന് ഉത്തരവ് തിരുത്തി പുറത്തിറക്കാൻ സാധിക്കും.
എന്നാൽ സർക്കാർ മൗനം പാലിക്കുകയാണെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. നിയമനം നടത്തുന്നത് അധിക ബാധ്യതയായതിനാൽ ഉത്തരവ് സ്റ്റേ ചെയ്യുന്നത് മറയാക്കുകയാണ് സർക്കാരെന്നാണ് ആക്ഷേപം.