താമരശ്ശേരി: ക്വാറിയോടുചേർന്ന പാറക്കെട്ടിനുള്ളിൽ ശരീരം കുടുങ്ങിപ്പോയ യുവാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പരപ്പൻപൊയിൽ ചെമ്പ്ര കല്ലടപ്പൊയിൽ ക്വാറിയോട് ചേർന്ന പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ കല്ലടപ്പൊയിൽ സ്വദേശി ബിജീഷിനെ (36) ആണ് ശ്രമകരമായ ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പാറക്കെട്ടിനുള്ളിലേക്ക് നൂണ്ടുപോയ ബിജീഷ് പിന്നീട് പുറത്തിറങ്ങാനാവാത്തവിധം കല്ലുകൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞരക്കംകേട്ട് സ്ഥലത്തെത്തിയ അയൽവാസികളാണ് പാറക്കെട്ടിനുള്ളിൽ അകപ്പെട്ട യുവാവിനെ കാണുന്നത്.
പാറക്കല്ലുകൾക്കടിയിൽ ഉടൽഭാഗം കുടുങ്ങി ബിജീഷിന്റെ തലയും രണ്ടുകാലുകളും മാത്രമാണ് സ്ഥലത്തെത്തിയവർ പുറത്തുകണ്ടത്. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് താമരശ്ശേരി ഗ്രേഡ് എസ്.ഐ. കെ.കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ബിജീഷിനെ രക്ഷപ്പെടുത്താൻ ശ്രമംനടന്നെങ്കിലും പാറക്കല്ലുകൾ ദേഹത്തുപതിക്കാൻ സാധ്യതയുണ്ടെന്നുകണ്ട് നാട്ടുകാർ നരിക്കുനി അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ടു. തുടർന്ന്, ഉച്ചയ്ക്ക് രണ്ടോടെ നരിക്കുനി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ ഒരു സംഘം സ്ഥലത്തെത്തി.
ഏതാനും പാറക്കല്ലുകൾ നീക്കംചെയ്തശേഷം മറ്റുകല്ലുകൾ കയറിട്ട് ബന്ധിപ്പിച്ച് അഗ്നിരക്ഷാസേനാംഗങ്ങൾ നാട്ടുകാരുടെകൂടി സഹകരണത്തോടെ സാഹസികമായാണ് ഇരുപതുമിനിറ്റിനകം ഇയാളെ പുറത്തെത്തിച്ചത്. അവശനായ യുവാവിനെ പിന്നീട് താമരശ്ശേരി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.