ടോക്യോ: ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നബജ്റംഗ് പൂനിയക്ക് സെമി ഫൈനലില്‍ തോല്‍വി. 65 കിലോ വിഭാഗത്തില്‍ അസര്‍ബയ്ജാന്‍ താരം ഹാജി അലിയേവിനോടാണ് ബെജറംഗ് പൂനിയ പരാജയപ്പെട്ടത്. 5-12 എന്ന സ്‌കോറിനാണ് പുനിയ അലിയേവിനോട് പരാജയം സമ്മതിച്ചത്.
ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ കീഴടക്കിയായിരുന്നു പൂനിയ സെമിയില്‍ എത്തിയത്. എന്നാല്‍ 2016 റിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ അലിയേവിന് മുന്നില്‍ പൂനിയയ്ക്ക് അടി പതറി.
സെമി ഫൈനലിലെ പോരാട്ടത്തിന് മുന്‍പ് അസര്‍ബയ്ജാന്‍ താരത്തിന് എതിരെ ഒരു വട്ടം നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായി ആണ് പൂനിയ ഇറങ്ങിയത്. അന്ന് പൂനിയ 8-6ന് ജയം പിടിച്ചിരുന്നു.എന്നാല്‍ ടോക്യോയിലെ സെമി ഫൈനലില്‍ പൂനിയയുടെ ശ്രമങ്ങളെല്ലാം പിഴയ്ക്കുകയായിരുന്നു.
ഇനി വെങ്കലത്തിനായി പൂനിയ മത്സരിക്കും. ഇവിടെ ജയം പിടിച്ചാല്‍ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറിലേക്ക് എത്തും. 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2019 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും പൂനിയ നേടിയിരുന്നു.