നടന്ന് നേടുമോ ഇര്‍ഫാന്‍; ഒളിമ്പിക്‌സ് നടത്തതില്‍ പ്രതീക്ഷയായി മലയാളി താരം കെ ടി ഇര്‍ഫാന്‍

ടോക്യോ: മലയാളി താരം കെ ടി ഇര്‍ഫാന്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ സ്വപ്‌നങ്ങളിലേക്ക് നടന്നു കയറുമോയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പകല്‍ ഒന്നിന് മലയാളി അത്‌ലറ്റ് കെ ടി ഇര്‍ഫാന്‍ ടോക്യോ ഒളിമ്പിക്‌സില്‍ നടത്തതില്‍ മത്സരിക്കും. 20 കിലോമീറ്റര്‍ മത്സരത്തിലാണ് ഇര്‍ഫാന്‍ പങ്കെടുക്കുക.

കാല്‍പ്പന്ത് കളിക്കാരുടെ നാടായ അരീക്കോട് നിന്നാണ് കെ ടി ഇര്‍ഫാന്‍ ടോക്യോ ഒളിമ്പിക്‌സ് നടത്തതില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇര്‍ഫാന്റെ രണ്ടാം ഒളിമ്പിക്‌സാണിത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ പത്താം സ്ഥാനത്ത് എത്തിയത് ചരിത്ര നേട്ടമായി. ലണ്ടനില്‍ 1.20.21 മണിക്കൂര്‍ ആയിരുന്നു സമയം. അതിലും മികച്ച പ്രകടനം കഴ്ചവെച്ച് മെഡല്‍ പട്ടികയിലേക്ക് നടന്നുകയറാന്‍ ഇര്‍ഫാന് കഴിയുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളം.

പരിക്ക് വില്ലനായപ്പോള്‍ റിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടാനായില്ല ഈ 31-കാരന്. ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യയിലെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റാണ് കെടി ഇര്‍ഫാന്‍. മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യ ഒളിമ്പ്യനും.

അരീക്കോട് കുനിയില്‍ കോലോത്തുംതൊടി വീട്ടില്‍ കര്‍ഷകന്‍ കെ ടി മുസ്തഫയുടെയും ഫാത്തിമയുടെയും മകനാണ്. കരസേന മദ്രാസ് റജിമെന്റില്‍ നോണ്‍ കമീഷന്‍ഡ് ഓഫീസറായ ഇര്‍ഫാന്‍ മെഡലുമായി തിരികെ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍.