ടോക്യോ: വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ മുന്നേറാനാവാതെ ഇന്ത്യയുടെ ദ്യുതി ചന്ദും പുറത്തായി. അഞ്ചാം ഹീറ്റ്സില്‍ മത്സരിച്ച താരം ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയായിരുന്നു.
ദ്യുതിക്ക് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. 11.54 സെക്കന്റാണ് ദ്യുതിക്ക് വേണ്ടിവന്നത്. 11.17 ആണ് ദ്യുതിയുടെ കരിയറിലെ മികച്ച സമയം. അതിന് അടുത്ത് പോലും താരത്തിന് എത്താന്‍ കഴിഞ്ഞില്ല. ഹീറ്റ്സില്‍ രണ്ട് തവണ ഒളിമ്പിക്സ് ചാമ്പ്യനായ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് ഒന്നാമത് എത്തി. 10.84 സെക്കന്റിലാണ് ജമൈക്കന്‍ താരം ഫിനിഷ് ചെയ്തത്.
ഇതോടെ ടോക്യോ ഒളിമ്പിക്സ് ട്രാക്കില്‍ നിന്ന് തുടര്‍ച്ചയായി പരാജയ വാര്‍ത്തകളാണ് ഇന്ത്യയെ തേടിയെത്തുന്നത്. ഒളിമ്പിക്സ് ട്രാക്ക് ഉണര്‍ന്ന ഇന്ന് ഇന്ത്യയുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് പ്രതീക്ഷയായിരുന്ന മലയാളി താരം എം പി ജാബിറും, 3000 മീറ്റര്‍ സ്റ്റേപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെയും പുറത്തായിരുന്നു.