ടോക്യോ: ചൈനയുടെ ഹോ സുഹ്യു ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ല, ടോക്യോ ഒളിംപിക്‌സില്‍ മീരാബായി ചാനുവിന് വെള്ളി തന്നെ. സ്വര്‍ണം നേടിയ ചൈനയുടെ ഹോ സുഹ്യു ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം ഉയര്‍ന്നതോടെയാണ് മീരയ്ക്ക് സ്വര്‍ണം ലഭിച്ചേക്കാം എന്ന പ്രതീക്ഷ വന്നത്. എന്നാല്‍ ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര പരിശോധന ഏജന്‍സിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നവരുടെ പേരുകള്‍ രഹസ്യമാക്കി വയ്ക്കാറില്ലെന്നും ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. മത്സര ശേഷം ചൈനീസ് താരത്തോട് ടോക്യോയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചിരുന്നു.
210 കിലോ ഉയര്‍ത്തിയാണ് ചൈനയുടെ ഹോ സുഹ്യു സ്വര്‍ണം നേടിയത്. ഒളിംപിക്‌സ് റെക്കോര്‍ഡ് ആണ് 210 കിലോ ഉയര്‍ത്തി ചൈനീസ് താരം ഇവിടെ കുറിച്ചത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115 കിലോ ഉയര്‍ത്തിയാണ് മീരാബായി വെള്ളി ഉറപ്പിച്ചത്. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതോടെ സ്വര്‍ണം അകന്നു.