ന്യൂഡെൽഹി: ഇന്ത്യക്കാരുടെ കഴിഞ്ഞ 10 വർഷത്തെ സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെന്ന് കേന്ദ്ര ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി. കഴിഞ്ഞ പത്തുവർഷത്തിനിടെ സ്വിസ് ബാങ്കിൽ നിഷേപിച്ച കള്ളപ്പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് എം.പി. വിൻസെന്റ് എച്ച്. പാല കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതോടെ പാർലമെൻറിൽ സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നു. വിദേശത്തുനിന്ന് കള്ളപ്പണം തിരികെയെത്തിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും കേസിൽ എത്രപേരെ അറസ്റ്റുചെയ്തെന്നും വിൻസെന്റ് ചോദിച്ചു.
എന്നാൽ, വിദേശത്തു നിഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിക്കുന്നതിനു സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം കണ്ടുകെട്ടുന്നതിനു പുതിയ നിയമം കൊണ്ടുവന്നു. ഈ നിയമമനുസരിച്ച് 107 പരാതികൾ രജിസ്റ്റർ ചെയ്തു. 2021 മേയ് 31 വരെ 8216 കോടി രൂപ തിരിച്ചെത്തിച്ചതായും മന്ത്രി പറഞ്ഞു.
എച്ച്.എസ്.ബി.സി. കള്ളപ്പണ കേസിൽ നികുതിയും പിഴയുമായി 1294 കോടി രൂപ പിടിച്ചെടുത്തു. ഐ.സി.ഐ.ജെ. കേസിൽ 11,010 കോടി രൂപയും പാനമ പേപ്പേഴ്സ് കേസിൽ 20,078 കോടി രൂപയും പാരഡൈസ് പേപ്പേഴ്സ് ലീക്ക് കേസിൽ 246 കോടി രൂപയും പിടിച്ചെടുത്തതായും മന്ത്രി വ്യക്തമാക്കി.