കൊച്ചി: കായികപ്രേമികള്‍ ഒന്നടങ്കം ടോക്യോ ഒളിമ്പിക്‌സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചരിക്കുന്നത്. ഇതിനിടെയാണ് ഹംഗറിയില്‍ ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പ്രിയ മാലിക് സ്വര്‍ണ്ണം നേടിയ വാര്‍ത്ത എത്തുന്നത്.
ഇതോടെ പലര്‍ക്കും അബന്ധം പിണഞ്ഞു. പ്രിയ മത്സരിച്ചത് ഒളിമ്പിക്‌സില്‍ ആണെന്ന് കരുതി സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ നിറഞ്ഞു. എന്നാല്‍ അബന്ധം പിണഞ്ഞത് മനസിലായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തു.
ലോകഗുസ്തിയിലാണ് പ്രിയയുടെ സുവര്‍ണ്ണ നേട്ടമെന്ന മറന്ന പലരും ടോക്യോയിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം പ്രിയ മാലിക്കിലൂടെ എന്ന് സമൂഹ മാധ്യമങ്ങളിലൂട പോസ്റ്റ് ചെയ്തു. അബദ്ധം മനസിലാക്കി പോസ്റ്റ് തിരുത്തുമ്പോഴേക്കും അക്കാര്യം വൈറലായിരുന്നു.
റെവന്യൂ മന്ത്രി കെ. രാജന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വീണ്ടും നേട്ടം. ഗുസ്തി മത്സരത്തില്‍ പ്രിയ മാലിക്കിന് സ്വര്‍ണ മെഡല്‍ എന്നു കുറിച്ചു. അല്പം കഴിഞ്ഞ് അബന്ധം മനസിലാക്കി മനസിലാക്കി പിന്നീട് തിരുത്തുകയായിരുന്നു.
ടോക്യോയില്‍ ഇന്ത്യക്കായി ആദ്യ സ്വര്‍ണം നേടിയ പ്രിയ മാലിക്കിന് അഭിനന്ദനം എന്നായിരുന്നു കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്‍ സുനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെറ്റ് തിരിച്ചറിഞ്ഞതോടെ എംഎല്‍എ
പോസ്റ്റ് ഡിലീറ്റ് ചെയ്തു.
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സീനും അബദ്ധം പിണഞ്ഞു. ടോക്യോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ പ്രിയാ മാലിക്കിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു മുഹ്സീന്റെ ഫേസ്ബുക്ക് പോസ്റ്റ്. അബദ്ധം തിരിച്ചറിഞ്ഞ് പോസ്റ്റ് എഡിറ്റ് ചെയ്തെങ്കിലും സംഭവം ഇതിനോടകം സ്‌ക്രീന്‍ഷോട്ടുകളായി വൈറലായിരുന്നു.
പാപ്പനംകോട് വാര്‍ഡ് കൗണ്‍സിലറും ബിജെവൈഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആഷാനാഥിനും അബദ്ധം പിണഞ്ഞു. ഭാരതത്തിന്റെ ആദ്യ സ്വര്‍ണം ഗുസ്തിയില്‍, പ്രിയ മാലിക്കിന് അഭിനന്ദനങ്ങളെന്നായിരുന്നു ആശാനാഥിന്റെ ആശംസ.
അതേസമയം, വീണ്ടും തിളക്കം. ഗുസ്തിയില്‍ പ്രിയ മാലിക്കിന് സ്വര്‍ണം എന്നായിരുന്നു എംഎല്‍എ എം.എം മണിയുടെ ആശംസ. എന്നാല്‍ അതിനെയും ചിലര്‍ ചോദ്യം ചെയ്തെത്തി. വീണ്ടും തിളക്കം എന്നു പറയുമ്പോള്‍ ടോക്കിയോയില്‍ വീണ്ടും മെഡല്‍ എന്ന ധ്വനിയുണ്ടെന്നൊക്കെയായിരുന്നു വിമര്‍ശനം. പണി ചെറുതായൊന്ന് പാളി ആശാനെ എന്ന് മറുപടിയും പോസ്റ്റിന് ലഭിച്ചു. എന്നാല്‍, ഒന്ന് പോടാപ്പോ… എന്നായിരുന്നു സ്വതസിദ്ധ ശൈലിയില്‍ മണിയുടെ മറുപടി. പക്ഷേ, വീണ്ടും തിളക്കം, ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പ്രിയ മാലിക്കിനു സ്വര്‍ണം, അഭിമാനം എന്ന് പോസ്റ്റ് എഡിറ്റ് ചെയ്തു.