ടോക്കിയോ: കൊറോണ പ്രതിസന്ധികൾക്കിടയിലും ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ ലേസർ ഷോ, സംഗീത നിശ, പരമ്പരാഗത നൃത്തങ്ങളും, കലാരൂപങ്ങളും മാറ്റുകൂട്ടി.
28 അംഗങ്ങളാണ് ഇന്ത്യയുടെ മാർച്ച്പാസ്റ്റിൽ പങ്കെടുത്തത്. 22 കായിക താരങ്ങളും ആറ് ഒഫീഷ്യലുകളും മാത്രം അടങ്ങുന്ന സംഘമായിരുന്നു ഇന്ത്യ നയിച്ചത്. ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും മാൻ പ്രീത് സിംഗും മുൻ നിരയിൽ നയിച്ചു. ഓഗസ്റ്റ് എട്ടിനു നടക്കുന്ന സമാപനച്ചടങ്ങിൽ ഗുസ്തി താരം ബജ്രംഗ് പൂനിയ ഇന്ത്യൻ പതാകയേന്തും.
ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായിട്ടാണ് ഉദ്ഘാടനച്ചടങ്ങിനു പതാക വാഹകരായി രണ്ട് താരങ്ങളെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ തെരഞ്ഞെടുക്കുന്നത്. നേരത്തെ, പുരുഷ, വനിതാ താരങ്ങളെ പതാകയേന്താൻ തെരഞ്ഞെടുക്കാമെന്നു രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചിരുന്നു.