ന്യൂഡെല്‍ഹി: കേരളത്തില്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വി. മൂന്ന് ദിവസത്തേക്ക് ലോക്ഡൗണില്‍ ഇളവ് അനുവദിച്ചതിനെതിരെയാണ് മനു അഭിഷേക് സിങ്‌വിയുടെ വിമര്‍ശനം.
കേരളം കൊറോണ കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് സിങ്വി പറഞ്ഞു. കന്‍വര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റാണ്. ബക്രീദ് ആഘോഷങ്ങള്‍ക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് ദൗര്‍ഭാഗ്യകരമാണെന്നും സിങ്‌വി ട്വി്റ്ററില്‍ കുറിച്ചു.
സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങളില്‍ താല്‍ക്കാലികമായി മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന കന്‍വര്‍ യാത്രയ്ക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിങ്‌വിയുടെ പ്രതികരണം.
അതേസമയം സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ കന്‍വാര്‍ യാത്ര ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. കൊറോണ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണം ചോദിച്ച് യുപി സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈയ് 25 മുതല്‍ കന്‍വര്‍ യാത്ര അനുവദിക്കുമെന്നാണ് യുപി സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, കന്‍വര്‍ യാത്ര റദ്ദാക്കിയില്ലെങ്കില്‍ അതിനായി ഉത്തരവിറക്കും എന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നായിരുന്നു കോടതി നടത്തിയ വിമര്‍ശനം.
കന്‍വര്‍ യാത്രയെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തിരുന്നു. ജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ ഗംഗാജലം ഓരോ മേഖലകളിലും എത്തിച്ചു നല്‍കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യുപി സര്‍ക്കാറിന്റെ തീരുമാനം വന്നത്.