ന്യൂഡെൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിൻ 17 യൂറാപ്യൻ രാജ്യങ്ങളുടെ അംഗീകാരം നേടി . യൂറാപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ബൾഗേറിയ, ഫിൻലന്റ്, ജർമനി, ഗ്രീസ് തുടങ്ങി 17 രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം നൽകിയിരിക്കുന്നത്. കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭ്യമാകും.
‘യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളിൽ 17 രാജ്യങ്ങൾ ഇതിനകം കോവിഷീൽഡിന് അംഗീകാരം നൽകിയിട്ടുണ്ട്. ഞങ്ങൾ അപേക്ഷ നൽകിയിട്ടല്ല ഈ രാജ്യങ്ങളൊന്നും വാക്സിന് അനുമതി നൽകിയിരിക്കുന്നത്. കോവിഷീൽഡ് വാക്സിൻ നിലവാരമുള്ളതാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതിനാൽ യൂറോപ്പും യുഎസും മറ്റെല്ലാ രാജ്യങ്ങളും ഇത് അംഗീകരിക്കേണ്ടതുണ്ട്’, സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല പറഞ്ഞു.
കോവിഷീൽഡിന്റെ അംഗീകാരത്തിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറാപ്യൻ മെഡിസിൻസ് ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫൈസർ, മോഡേണ, അസ്ട്രാസെനെക്ക, ജോൺസൺ ആൻഡ് ജോൺസൻ വാക്സിനുകളാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.