ന്യൂഡെൽഹി: കൊറോണ മൂന്നാം തരംഗം തടയാൻ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലും മഹാരാഷ്ട്രയിലും രോഗികൾ കൂടുന്നുവെന്നും രാജ്യത്തെ ആകെ രോഗികളുടെ 80 ശതമാനവും ആറു സംസ്ഥാനങ്ങളിൽ നിന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തിൽ കുട്ടികളെ സംരക്ഷിക്കാൻ ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ സാഹചര്യം വിലയിരുത്താൻ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയ്ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ നടപടികൾ കർശനമാക്കാൻ ഉള്ള തീരുമാനം യോഗത്തിൽ സ്വീകരിക്കും. കേരളം കൂടാതെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ യോഗം.
ടിപിആർ 10 ശതമാനത്തിന് മുകളിൽ ഉള്ള ജില്ലകൾ ജാഗ്രതയിലാണ്. കേസുകൾ കൂടുതലുള്ള മേഖലകൾ മൈക്രോ കണ്ടെയൻമെന്റ് സോണാക്കി മാറ്റിയും പരിശോധനകൾ കർശനമാക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. മൈക്രോ കണ്ടെയ്ൻനമെന്റ് സോണുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. പരിശോധന വർധിപ്പിക്കണം. ടെസ്റ്റ്- ട്രാക്ക്- ട്രീറ്റ്- വാക്‌സിനേറ്റ് എന്ന സമീപനത്തിൽ ശ്രദ്ധയൂന്നി, മുന്നോട്ടുപോകുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊറോണ സ്ഥിരീകരിച്ചെന്നാണ് ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്ക് പറയുന്നത്. 542 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചുട്ടുണ്ട്. ഇതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.