ന്യൂഡെല്‍ഹി: ജൂലൈയ് 27 മുതല്‍ നടത്താനിരുന്ന ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ (ജെ.ഇ.ഇ മെയിന്‍) നാലാം സെഷന്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പ്രകാരം ആഗസ്ത് 26, 27, 31, സെപ്തംബര്‍ ഒന്ന്, രണ്ട് എന്നീ ദിവസങ്ങളിലായിരിക്കും പരീക്ഷകള്‍ നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
ജെ.ഇ.ഇ പരീക്ഷാര്‍ഥികളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെച്ചതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ജൂലൈയ് 27 മുതല്‍ ആഗസ്റ്റ് രണ്ട് വരെയായിരുന്നു ജെ.ഇ.ഇ സെഷന്‍ നാല് പരീക്ഷകള്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.
7.32 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജെ.ഇ.ഇ മെയിന്‍ അഡ്മിനിസ്റ്ററിങ് ബോഡിയായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) സെഷന്‍ 4ലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷാ സമയപരിധി നീട്ടിയിട്ടുണ്ട്.