മാരക്കാന: ഫുട്ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കി. നായകന്‍ മെസി തന്റെ ഫുട്ബോള്‍ കരിയറില്‍ ആദ്യമായി സ്വന്തമാക്കുന്ന കിരീടമെന്ന പ്രത്യകത കൂടിയുണ്ട് ഇതിന്.
28 വര്‍ഷം അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിനും ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളോടെ അവസാനം. കോപ്പ അമേരിക്ക കിരീടം ആല്‍ബിസെലസ്റ്റുകള്‍ക്ക്. തലകുമ്പിട്ട് പലവട്ടം മടങ്ങേണ്ടി വന്ന മാരക്കാനയില്‍ കിരീടം ഉയര്‍ത്തി മെസി. ചരിത്രത്തിലേക്ക് നീട്ടിയ മരിയയുടെ ഒറ്റഗോളിന്‍റെ ബലത്തിൽ കോപ്പ കിരീടം നെഞ്ചോടക്കുമ്പോൾ വൻകരകൾക്കും രാജ്യാതിർത്തികൾക്കും അപ്പുറത്ത് അർജന്‍റീനിയൻ ആരാധകർക്ക് ഇത് അനർഘ നിമിഷങ്ങൾ.
പതിറ്റാണ്ടുകളായി തുടരുന്ന ഫൈനൽ വീഴ്ചകളുടേയും കിരീട വരൾച്ചയുടെയും നിറം മങ്ങിയ കഥകളിലേക്ക് കിരീടത്തിളക്കത്തിന്‍റെ വർണമഴ പെയ്തിറങ്ങുമ്പോൾ ഇതിഹാസ താരം ലയണൽ മെസ്സിക്കും ഇത് സംതൃപ്തിയുടെ ദിവസം. ചാമ്പ്യൻമാരെന്ന പകിട്ടോടെയെത്തിയ ബ്രസീലിനും ആരാധകർക്കും ഓർക്കാനിഷ്ടമില്ലാത്ത മറ്റൊരു മാറക്കാന മത്സരം കൂടി.
കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ ആദ്യ പകുതിയിൽ അർജൻ്റീന ഒരു ഗോളിന് മുന്നിലായി.ഇരുപത്തി ഒന്നാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയ ആണ് ഗോൾ നേടിയത്.പന്ത് തടയുന്നതിൽ ബ്രസീൽ ഡിഫൻഡർ റെനൻ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീൽ ഗോൾകീപ്പർ എഡേഴ്സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ 15 മിനിറ്റ് ഇരു ടീമും പരുക്കൻ കളി പുറത്തെടുത്തു. നിരവധി ഫൗളുകളാണ് ഈ സമയത്ത് ഉണ്ടായത്. ആദ്യ പകുതിയിൽ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാൻ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റിൽ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാൽ താരത്തിന്റെ ഷോട്ട് മാർക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.
നാല് വട്ടം കപ്പിനും ചുണ്ടിനും ഇടയില്‍ നിരാശനായി കളിക്കളം വിടേണ്ടി വന്ന മെസിയോടുള്ള അനീതി അവസാനിപ്പിച്ച് കാലം. കഴിഞ്ഞ ദശകത്തില്‍ മൂന്ന് വട്ടമാണ് മെസിക്ക് അര്‍ജന്റീനിയന്‍ കുപ്പായത്തിലെ ഫൈനലില്‍ കാലിടറിയത്. രണ്ട് തവണ കോപ്പയിലും 2014 ലോകകപ്പിലും. 2007ല്‍ കോപ്പ അമേരിക്ക ഫൈനല്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രസീലിനോട് തോറ്റു. 2014 ലോകകപ്പ ഫൈനലില്‍ ജര്‍മനിയോട് 1 0ന് കീഴടങ്ങി. 2015 കോപ്പ അമേരിക്കയില്‍ ഷൂട്ടൗട്ടില്‍ 4-1ന് ചിലിക്ക് മുന്‍പില്‍ വീണു. 2016ലെ കോപ്പയില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ വീണത് 2-4ന്. ഈ നാല് ഫൈനലിലും മെസി ഒരു ഗോള്‍ പോലും നേടിയിട്ടില്ല. കോപ്പ 2021ലും അതിന് മാറ്റമില്ല.
43 മിനിറ്റിലാണ് ബ്രസീലിന് കളിയിലെ ആദ്യ കോര്‍ണര്‍ കിക്ക് ലഭിച്ചത്. എന്നാല്‍ ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിക്കാനാവാതെ ഒഴിഞ്ഞു പോയി. 52ാം മിനിറ്റില്‍ റിച്ചാര്‍ലിസന്‍ പന്ത് ഗോള്‍വലക്കുള്ളിലെത്തിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി. ക്രിസ്റ്റ്യന്‍ റൊമേരോവിന്റെ പിഴവില്‍ നിന്നായിരുന്നു റിച്ചാര്‍ലിസന്‍ അവിടെ ഗോള്‍ വല കുലുക്കാന്‍ അവസരം സൃഷ്ടിച്ചത്. 64ാം മിനിറ്റില്‍ ബ്രസീല്‍ പ്രതിരോധനിരയെ വെട്ടിച്ച് റോഡ്രിഗസിലേക്ക് മെസി പന്ത് എത്തിച്ചെങ്കിലും അര്‍ജന്റീനിയന്‍ മധ്യനിര താരം പന്ത് പുറത്തേക്കടിച്ചു കളഞ്ഞു.
80ാം മിനിറ്റില്‍ നെയ്മറിനെതിരായ ഓട്ടമെന്‍ഡിയുടെ ഫൗളില്‍ യെല്ലോ കാര്‍ഡ് റഫറി ഉയര്‍ത്തിയതിന് പിന്നാലെ ബ്രസീല്‍-അര്‍ജന്റീനിയന്‍ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. 82ാം മിനിറ്റില്‍ ബ്രസീലിന് മുന്‍പില്‍ സുവര്‍ണാവസരം തുറന്ന് കിട്ടിയെങ്കിലും ബാര്‍ബോസയുടെ ഷോട്ട് വലയ്ക്ക് പുറത്തേക്ക് പോയി.
86ാം മിനിറ്റില്‍ നെയ്മറെടുത്ത ഫ്രീകിക്കില്‍ നിന്ന് ബാര്‍ബോസയുടെ വെടിയുണ്ട ഷോട്ട് വന്നപ്പോള്‍ രക്ഷകനായി മാര്‍ട്ടിനസ്. തൊട്ടുപിന്നാലെ പന്തുമായി മെസി കുതിച്ചപ്പോള്‍ മുന്‍പില്‍ ഗോള്‍കീപ്പര്‍ മാത്രം. എന്നാല്‍ ഫിനിഷിങ്ങില്‍ മെസിക്ക് പിഴച്ചു.