തൃശൂര്‍: തൃശൂര്‍ എസ്.പി ജി. പൂങ്കുഴലിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് ഹർജി നല്കി. പ്രതിയുടെ സ്വാധീനത്തിന് വഴങ്ങി വ്യക്തിവിവരങ്ങള്‍ പൊതുചര്‍ച്ചക്ക് വിധേയമാക്കി അപമാനിച്ച എസ്പിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം നീതി നല്‍കില്ലെന്ന് ഹർജിയില്‍ ആരോപിക്കുന്നു.എസ്എച്ച്ഒ സിബിനെതിരേയും നടപടി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിനു ശേഷം താനും പ്രതിയുമായി നിയമയുദ്ധങ്ങള്‍ നടക്കുന്നുണ്ടെന്ന് എസ്.പി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. എന്നാല്‍, താനോ കുടുംബമോ പ്രതിക്കെതിരെ സിവിലായോ ക്രിമിനലായോ ഒരു പരാതി പോലും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ എസ്പി വാര്‍ത്തലേഖകരോട് പറഞ്ഞത് പ്രതിയെ സഹായിക്കാനാണെന്നും അവര്‍ ഹർജിയില്‍ ആരോപിച്ചു.