ന്യൂഡെൽഹി: ടെലികോമിൽ ആദിത്യ ബിർളയ്ക്ക് ശരിക്കും കൈ പൊള്ളി. വോഡഫോണുമായി ചേർന്നിട്ടും രക്ഷപ്പെടുന്ന മട്ടില്ല. വൊഡഫോൺ ഐഡിയയുടെ പ്രവർത്തനത്തിൽ ആശാവഹമായ പുരോഗതി ഒന്നും കാണുന്നില്ല. റിലയൻസും ഭാരതിയും ചേർന്നൊരുക്കുന്ന ഡ്യുവോപോളിയിൽ ബിർള ആകെ വിയർക്കുന്നു. മാർച്ച് മാസം അവസാനിച്ച പാദത്തിലെ വൊഡഫോൺ ഐഡിയയുടെ പ്രവർത്തന ഫലം ഇന്നലെ പുറത്തുവന്നു. നഷ്ടം 7,022.8 കോടി. തൊട്ടുമുമ്പുള്ള ത്രൈമാസത്തിൽ 4,532.1 കോടിയായിരുന്നു നഷ്ടം.
നിലവിൽ 1.8 ലക്ഷം കോടിയുടെ കടത്തിലാണ് കമ്പനി. ഇതു കുറേശ്ശയെങ്കിലും കൊടുത്ത് തീർക്കണം. അതിനായിട്ടില്ല എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. 25,000 കോടി കടമെടുക്കാൻ കഴിഞ്ഞ സപ്തംബറിൽ പദ്ധതിയിട്ടിരുന്നു. കടം നൽകാൻ ആരെയും കിട്ടാത്തതിനാൽ പദ്ധതി എങ്ങുമെത്തിയിട്ടില്ല. ബാങ്കുകൾക്ക് 30,000 കോടിയോളം കൊടുക്കാനുണ്ട്.
സ്പെക്ട്രം കുടിശികയിനത്തിൽ സർക്കാരിന് കൊടുക്കാനുള്ളത് 94,200 കോടി. സ്പെക്ട്രം കുടിശിക അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അഥവാ (എജിആർ )കണക്കാക്കി ഗഡുക്കളായി നൽകണമെന്ന നിബന്ധനയാണ് സർക്കാർ മുന്നോട്ട് വെച്ചത്.ടെലികോം മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് വൊഡഫോൺ ഐഡിയ നൽകാനുള്ള എജിആർ കുടിശിക 58,254 കോടി. 21,533 കോടിയേ ഈ ഇനത്തിൽ സർക്കാരിന് നൽകാനുള്ളൂ എന്ന നിലപാടിലാണ് വൊഡഫോൺ ഐഡിയ. അത് എന്തുമാവട്ടെ കമ്പനി ഇതുവരെ നൽകിയത് 7,854 കോടി മാത്രം.
സർക്കാരുമായി ഉണ്ടാക്കിയ മുൻ ധാരണ അനുസരിച്ച് എജിആർ കുടിശിക പത്തുവർഷം കൊണ്ടു തീർക്കണം. 2022 സാമ്പത്തിക വർഷം മുതൽ തിരിച്ചടവ് തുടങ്ങണം. ധനസമാഹരണം ത്രിശങ്കുവിൽ നിൽക്കുമ്പോൾ അതെങ്ങനെ സാധിക്കും? വലിയ പ്രശ്നമാണ്. പിന്നെ കൊറോണയും. അതുമല്ല 5 ജിയിലേക്കുള്ള കളം മാറ്റം. കൊടുത്ത കാശ് തിരിച്ചു പിടിക്കാൻ ബാങ്കുകൾ ഏൽപ്പിക്കുന്ന സമ്മർദം.
എസ്ബിഐ, ഐഡിഎഫ്സി ഫസ്റ്റ്, യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ പിന്നാലെ കൂടിയിട്ടുണ്ട്.10 രൂപ മുഖവിലുള്ള ഓഹരി ഇന്നലെ ക്ളോസ് ചെയ്തത് 9.95 രൂപയിൽ. നിക്ഷേപകർക്കും കൈ പൊള്ളി. സംഭവിച്ചത് സംഭവിച്ചു .ഇനി എല്ലാം ഭാവി കരുനീക്കങ്ങളിൽ. അതിനായി കാത്തിരിക്കാം.