കാശ്മീരില്‍ വീണ്ടും ഡ്രോണുകള്‍ കണ്ടെത്തി; സുരക്ഷ വര്‍ദ്ധിപ്പിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഡ്രോണുകള്‍ കണ്ടെത്തി. ജമ്മുവിലെ കാലുചക്ക്, കുഞ്ച്വാനി മേഖലകളില്‍ ഇന്നു പുലര്‍ച്ചെയാണ് രണ്ട് ഡ്രോണുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയും കാലുചക്ക് മേഖലയില്‍ മൂന്നു ഡ്രോണുകള്‍ സുരക്ഷാസേന കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മുവില്‍ കുറഞ്ഞത് അഞ്ച് ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പത്താന്‍കോട്ട് ദേശീയ പാതയക്ക് സമീപം രത്നുചക്-കുല്‍ചക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ ഉണ്ടായ രണ്ട് ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി തടയാന്‍ കഴിഞ്ഞെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ വ്യേമസേനാ താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും തുടര്‍ച്ചയായി ഡ്രോണുകള്‍ കണ്ടെത്തുന്നതും കണക്കിലെടുത്ത് ജമ്മു കാശ്മീരില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സംശയകരമായി കാണപ്പെടുന്ന ഡ്രോണുകള്‍ വെടിവെച്ചിടാനും സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ജമ്മുകശ്മീരില്‍ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ദാദല്‍ മേഖലയില്‍ നുഴഞ്ഞു കയറാനുള്ള ഒരു സംഘത്തിന്റെ ശ്രമം പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.