മുംബൈ: മൂന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ എന്എസ്ഡിഎല് മരവിപ്പിച്ചതിന് പിന്നാലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് അദാനിയുടെ ഓഹരികള്‍ക്ക് കനത്ത ഇടിവ്. കള്ളപ്പണം തടയല്‍ നിബന്ധന പ്രകാരമാണ് അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപ കമ്പനികളുടെ ഓഹരികള്‍ മരവിപ്പിച്ചത്.
നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റേതാണ് ഓഹരികള്‍ മരവിപ്പിച്ച തീരുമാനം. വിദേശ കമ്പനികളായ ആല്‍ബുല ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിവയ്ക്കാണ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളില്‍ നിക്ഷേപമുള്ളത്. ഇവയ്ക്ക് മൂന്നിനുമായി 43,500 കോടിയുടെ ഓഹരിയാണ് അദാനി ഗ്രൂപ്പില്‍ ഉള്ളത്.
അക്കൗണ്ട് മരവിപ്പിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രീന്‍, അദാനി ട്രാന്സ്മിഷന്, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ച് ശതമാനം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസിന് 20 ശതമാനം തകര്‍ച്ചയാണ് ഓഹരി വിപണിയില്‍ നേരിട്ടത്.
അദാനി എന്റര്‍പ്രൈസസില്‍ 6.82ശതമാനവും അദാനി ട്രാന്സ്മിഷനില് 8.03ശതമാനവും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.92ശതമാനവും അദാനി ഗ്രീനില്‍ 3.58സതമാനവും ഓഹരികളാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച സ്ഥാപനങ്ങള്‍ക്കുള്ളത്. എന്നാല്‍ നിക്ഷേപം മരവിപ്പിക്കാനുള്ള കാരണം വ്യക്തമല്ല. നിക്ഷേപങ്ങള്‍ മരവിപ്പിച്ചതോടെ, ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനോ ഈ കമ്പനികള്‍ക്ക് സാധിക്കില്ല.