കോപന്‍ഹേഗന്‍: യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. ഹൃദയഘാതം ഉണ്ടായ താരം അപകടനില തരണം ചെയ്തതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. സഹതാരങ്ങളോട് വീഡിയോ കോളിലൂടെ സംസാരിച്ചതായി യുവേഫയും അറിയിച്ചു.
ഇന്നലെ യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ഡെന്മാര്‍ക്ക് – ഫിന്‍ലന്‍ഡ് മത്സരം നടക്കുന്നതിനിടെയാണ് ഡെന്മാര്‍ക്കിന്റെ പത്താം നമ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ പൊടുന്നനെ മൈതാനത്തേക്ക് കുഴഞ്ഞ് വീണത്. സഹതാരങ്ങളുടെ അടിയന്തിര ഇടപെടലാണ് എറിക്‌സണിന്റെ ജീവന്‍ രക്ഷിച്ചത്.
കളിയുടെ 42-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുന്നത്. ജോക്വം മെഹ്ലെയുടെ ത്രോ സ്വീകരിക്കാന്‍ മുന്നിലേയ്ക്ക് വന്ന എറിക്‌സണ്‍ പൊടുന്നനെ കുഴഞ്ഞുവീഴുന്നു. എതിര്‍ താരങ്ങളുമായുള്ള കൂട്ടിയിടിയും ഇവിടെ ഉണ്ടായില്ല. എന്നാല്‍ അപകടം മനസിലാക്കിയ സഹതാരങ്ങള്‍ വേഗം മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടു.
ഡെന്മാര്‍ക്കിന്റെ മെഡിക്കല്‍ സംഘം ഉടന്‍ ഓടിയെത്തി. 15 മിനിറ്റുകള്‍ക്ക് ശേഷം താരത്തെ ആശുപത്രിയിലേക്ക് മാറ്റി. സഹതാരങ്ങള്‍ പ്രാര്‍ത്ഥനയോടെ എറിക്സണ് ചുറ്റും കൂടിയിരുന്നു. ആരവങ്ങള്‍ ഉയര്‍ന്ന മൈതാനം പെട്ടന്ന് കണ്ണീരിലേക്കും പ്രാര്‍ത്ഥനയിലേക്കും വഴിമാറുന്ന ദൃശ്യങ്ങളാണ് പിന്നെ കണ്ടത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്സണ്‍ കണ്ണ് തുറന്നു നോക്കുന്ന ചിത്രം ഫുട്ബോള്‍ ലോകത്തിന് ഏറെ ആശ്വാസകരമായിരുന്നു. ആശുപത്രിയിലെത്തിയ ശേഷം താരത്തിന്റെ ആവശ്യ പ്രകാരം മത്സരം തുടര്‍ന്നു.
ഒന്നരമണിക്കൂറിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. അത് വരെ ക്രിസ്റ്റ്യന്‍ എന്ന് ഫിന്‍ലാന്‍ഡ് ആരാധകരും എറിക്‌സണെന്ന് ഡെന്‍മാര്‍ക്ക് ആരാധകരും ഗ്യാലറിയിലിരുന്ന് ആര്‍ത്തുവിളിച്ചുകൊണ്ടെയിരുന്നു. പൂര്‍ണ ആരോഗ്യവാനായി എറിക്‌സണ്‍ തിരികെ എത്താനുള്ള പ്രാര്‍ത്ഥനയിലാണ് ഫുട്‌ബോള്‍ ലോകം.