ഓണ്‍ലൈന്‍ വിദ്യാഭ്യാസം;ഇന്റര്‍നെറ്റ്‌ ലഭ്യമാക്കന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയതോടെ ഇന്റര്‍നെറ്റ് ലഭ്യത സംബന്ധിച്ച പരാതികള്‍ വര്‍ദ്ധിച്ചത് പരിഹരിക്കുമെന്ന് പ്രഖ്യാപനം. ഇതിന് പ്രതിവിധിയായി സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. നാല് ദിവസത്തിനുള്ളില്‍ കമ്മിറ്റി പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കാനാണ് നിര്‍ദ്ദേശം.

കൊറോണ വ്യാപനം വിദ്യാഭ്യാസമേഖലയില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരുന്ന പുതിയ സാഹചര്യത്തില്‍ പഠനം ഫലപ്രദമായി നടത്താന്‍ സൗകര്യമൊരുക്കേണ്ടതുണ്ട്. ഇതിന് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യവും ലാപ്‌ടോപ്പും ടാബും ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകള്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.