ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യക്ക് ആശ്വാസ വിജയം. ബംഗ്ലാദേശിനെതിരായ പോരാട്ടം ഇന്ത്യ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ പോരാട്ടത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 79, 92 മിനിറ്റുകളിലാണ് ഛേത്രിയുടെ എണ്ണം പറഞ്ഞ ഗോളുകള്‍. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ നേട്ടം ഛേത്രി 73 ആക്കി ഉയര്‍ത്തി.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് ആറ് പോയിന്റുകളായി. മൂന്ന് വീതം സമനിലകളും തോല്‍വിയുമായി ഇന്ത്യ ആശ്വാസ വിജയം തേടിയാണ് ഇറങ്ങിയത്.
കളിയുടെ തുടക്കം മുതല്‍ ഇന്ത്യ മികവ് പുലര്‍ത്തിയെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി കടന്നു പോയി. പിന്നീട് രണ്ടാം പകുതിയിലാണ് മിന്നും ഗോളുകളുടെ പിറവി.
79ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ നല്‍കിയ ക്രോസിനെ സുന്ദരമായ ഹെഡ്ഡറിലൂടെ ഛേത്രി വലയിലേക്ക് ചെത്തിയിടുകയായിരുന്നു. പ്രതിഭയുടെ സമസ്ത ഭാവങ്ങളും അടങ്ങിയ ഗോളിന് പിന്നാലെ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അതിലും മികച്ച ഫിനിഷിങിലൂടെ ഛേത്രി ആരാധകരുടെ മനം കവര്‍ന്നു.
ലീഡ് സ്വന്തമാക്കിയതോടെ ഇന്ത്യ ബംഗ്ലാദേശ് പകുതിയില്‍ പ്രസിങ് ഗെയിമിലൂടെ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയായിരുന്നു. ഫലം 92ാം മിനിറ്റില്‍ ഛേത്രിയുടെ രണ്ടാം ഗോളുമെത്തി. സുരേഷിന്റെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. വലത് വിങിലേക്ക് നീട്ടി കിട്ടിയ പന്തിനെ സുരേഷ്, ബോക്‌സില്‍ നില്‍ക്കുകയായിരുന്ന ഛേത്രിയിലേക്ക് ബംഗ്ലാദേശ് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ സമര്‍ഥമായി എത്തിച്ചു. നെടുനീളന്‍ ഷോട്ടിലൂടെ ഛേത്രി ബംഗ്ലാദേശ് ഗോള്‍ കീപ്പര്‍ക്ക് ഒരവസരവും നല്‍കാതെ പന്ത് വലയിലാക്കി ഇന്ത്യന്‍ വിജയം ഉറപ്പാക്കി.
പതിനൊന്ന് മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ വിജയം സ്വന്തമാക്കുന്നത്. ജയത്തോടെ എഎഫ്‌സി ഏഷ്യന്‍ പോരാട്ടത്തിനുള്ള സാധ്യതകളും ഇന്ത്യ സജീവമാക്കി. വിജയം ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന് നല്‍കുന്ന ആശ്വാസവും ചെറുതല്ല.