ന്യൂഡെൽഹി: നഴ്സുമാർ മലയാളം സംസാരിക്കരുതെന്ന് താക്കീത് നൽകി ഡെൽഹിയിലെ ജി ബി പന്ത് ആശുപത്രിയിൽ സർക്കുലർ. നഴ്സിംഗ് അഡ്മിനാണ് വിചിത്ര സർക്കുലർ ഇറക്കിയത്. മറ്റ് ജീവനക്കാർക്കും രോഗികൾക്കും കേരളത്തിൽ നിന്നുള്ള നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മനസിലാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ആശുപത്രിയിലെ ഭൂരിഭാഗം രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സൂപ്രണ്ടിന്റെ വാദം നഴ്‌സുമാർ തള്ളി. വിഷയത്തിൽ ഓൺലൈൻ മുഖേന ചേർന്ന നഴ്‌സുമാരുടെ യോഗം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇന്നുമുതൽ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രിയുടെ തീരുമാനത്തിനെതിരെ ശശി തരൂർ എംപി രംഗത്തുവന്നു. മലയാള ഭാഷ വിലക്കിയ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു-
“ജനാധിപത്യ ഇന്ത്യയിൽ ഒരു സർക്കാർ സ്ഥാപനത്തിൽ നഴ്‌സുമാരോട് അവരുടെ മാതൃഭാഷയിൽ സംസാരിക്കരുതെന്ന് പറഞ്ഞാൽ മനസ്സിലാക്കാനാവില്ല. മനസ്സിനെ വല്ലാതെ അലട്ടുന്നു. ഇത് അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും അടിസ്ഥാന മനുഷ്യാവകാശ ലംഘനവുമാണ്. ഇത് കാലഹരണപ്പെട്ട ശാസനയാണ്”.ശശി തരൂർ അഭിപ്രായപ്പെട്ടു.
സർക്കുലർ അത്ഭുതപ്പെടുത്തുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പെയിൻ തുടങ്ങി. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
മഹാമാരിക്കാലത്ത് സമയ പരിമിത നോക്കാതെ ജോലി ചെയ്യുന്ന നഴ്‌സുമാരെ മാനസിക സമ്മർദ്ദത്തിലാക്കുന്നതാണ് ഉത്തരവെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. അതേസമയം തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ആരോഗ്യമന്ത്രി ഹർഷവർധനോട് ആവശ്യപ്പെട്ടു.
ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. ഇവിടെ നിന്നുള്ളവർ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെങ്കിലും ഇത് വിലക്കിയിട്ടില്ലെന്നത് വിരോധാഭാസമാണ്.