ന്യൂഡെല്‍ഹി: കൊറോണ വ്യപാനത്തിന്റെ പശ്ചാത്തലത്തില്‍ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനമായും റിവോഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുണ്ടേതിനാലും നാണയപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതും ആവശ്യമായതിനാല്‍ വായ്പാ നയത്തില്‍ മാറ്റം വരുത്തുന്നില്ലെന്ന് ആര്‍ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വായ്പാ നയം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് പലിശനിരക്കില്‍ മാറ്റം വരുത്താതെയുള്ള റിസര്‍വ് ബാങ്ക് പ്രഖ്യാപനം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷ 10.5 ശതമാനത്തില്‍ നിന്നും 9.5 ശതമാനമായും കുറച്ചു. 2020 മെയിലാണ് ഇതിന് മുന്‍പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്.
ഈ ആഴ്ച ആദ്യം പുറത്തിറക്കിയ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) കണക്കനുസരിച്ച്, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങുകയും കാര്‍ഷിക മേഖല 3.6 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തു. സേവന, വ്യവസായ മേഖലകള്‍ യഥാക്രമം 8.4 ശതമാനവും ഏഴ് ശതമാനവും ചുരുങ്ങി .
കൊറോണ രണ്ടാം തരംഗത്തിലും കാര്‍ഷിക മേഖലയിലുള്ള ഉണര്‍വും, ആഗോള സാമ്പത്തിക വ്യവസ്ഥയിലുള്ള മാറ്റവും ആഭ്യന്തര സമ്പദ്വ്യവസ്ഥയെ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു.