തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ബിജെപിയിലും നേതൃമാറ്റത്തിന് സാധ്യത തെളിഞ്ഞു. കോൺഗ്രസിലെ തലമുറ മാറ്റമാണ് ബിജെപി സംസ്ഥാന നേതാക്കൾക്ക് നേതൃമാറ്റത്തിന് ഊർജ്ജം പകരുന്നത്. നിലവിലെ നേതൃത്വം തുടർന്നാൽ കേരളത്തിൽ സീറ്റ് നേടുകയെന്നത് ബിജെപിക്ക് സ്വപ്നമായി അവശേഷിക്കുമെന്നാണ് മുതിർന്ന നേതാക്കളും പ്രവർത്തകരും വിലയിരുത്തുന്നത്. മാറിയ സാഹചര്യത്തില്‍ മുതിർന്ന നേതാക്കൾ നേതൃമാറ്റത്തിന് കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നാണ് സൂചന.
ആഴ്ചകൾക്ക് മുമ്പ് കണ്ണൂർ ജില്ലാ നേതൃത്വവുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ തലശ്ശേരിയിൽ എൻ ഹരിദാസിന്റെ പത്രിക തള്ളിപ്പോയതിൽ ജില്ലാ കമ്മിറ്റിക്ക് മാത്രമല്ല സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ടെന്ന് വിമർശനമുയർന്നിരുന്നു. കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ രൂക്ഷ വിമർശനമാണ് വിവിധ ജില്ലകളിലെ നേതാക്കളുമായി നടത്തിയ യോഗങ്ങളിൽ ഉയർന്നത്.
കെ സുരേന്ദ്രന്റെ വിടുവായിത്തം ബിജെപിക്ക് കനത്ത നഷ്ടമാണ് വരുത്തിവച്ചതെന്നാണ് 14 ജില്ലകളിലെയും പ്രവർത്തകർ വിലയിരുത്തുന്നത്. മാത്രമല്ല ഗ്രൂപ്പ് കളിച്ച് പാർട്ടിയെ എങ്ങുമില്ലാതാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്ന് പ്രവർത്തകർ പറയുന്നു.
35 സീറ്റ് ലഭിച്ചാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രഖ്യാപനവും തുടർന്ന് നടത്തിയ വെല്ലുവിളികളുമെല്ലാം പാർട്ടിയെ സാരമായി ബാധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ വേട്ടർമാരുടെ പിന്തുണ ബിജെപിക്ക് ലഭിച്ചിരുന്നുവെങ്കിൽ ഇത്തവണ സുരേന്ദ്രന്റെ പിടിപ്പുകേടു കൊണ്ട് അതും നഷ്ടമായെന്ന് മുതിർന്ന നേതാക്കളും പ്രവർത്തകരും വിലയിരുത്തി. നിലവിൽ പാർട്ടിയുടെ അടിത്തട്ട് നിർജീവമായിരിക്കുകയാണ്. ഇതിന് മാറ്റമുണ്ടാകണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണെന്നാണ് നേതാക്കളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ പാർട്ടിയുടെ പ്രവർത്തനം 10 വർഷം മുമ്പുള്ള അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണെന്നും മോഡിയുടെ പടം വച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതല്ലാതെ നേതാവെന്ന നിലയിൽ ഒരു പ്രവർത്തനവുമില്ലെന്ന ആരോപണവും ശക്തം. സാധാരണയായി ഇത്തരം ഘട്ടത്തിൽ കേന്ദ്ര നേതൃത്വം അറിഞ്ഞ് മാറ്റം നടപ്പിലാക്കുകയെന്നതാണ് രീതി.