കുട്ടികൾക്ക് കൊറോണ വാക്‌സിൻ എടുക്കുന്നതിന് അനുമതി നല്കി സിംഗപ്പൂരും യുഎഇയും

ന്യൂഡെൽഹി: കുട്ടികൾക്ക് കൊറോണ വാക്‌സിൻ എടുക്കുന്നതിന് അനുമതി നല്കി സിംഗപ്പൂരും യുഎഇയും. 12-15 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷനാണ് അനുമതി. നേരത്തെ യുഎസും കാനഡയും ഇത്തരത്തിൽ 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളെ വാക്‌സിനേറ്റ് ചെയ്യുന്നതിന് അനുമതി നല്കിയിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് ഫൈസർ-ബയോടെക്ക് വാക്‌സിൻ എടുക്കുന്നതിനാണ് യുഎഇയും സിംഗപ്പൂരും അനുമതി നല്കിയത്.

സിംഗപ്പൂരിൽ 16നും അതിന് മുകളിൽ പ്രായമുള്ളവരിലുമാണ് ഫൈസർ-ബയോടെക് വാക്‌സിന് നേരത്തെ അനുമതി നല്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ട്യൂഷൻ സെന്ററുകളുമായി ബന്ധപ്പെട്ട നിരവധി സ്‌ക്കൂൾ വിദ്യർഥികൾക്ക് രോ​ഗ ബാധ റിപ്പോർട്ട് ചെയ്യ്തു. ഇതോടെയാണ് സർക്കാർ 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ എടുക്കാൻ തീരുമാനിച്ചത്.

ഫൈസർ വാക്‌സിന്റെ ഉയർന്ന ഫലപ്രാപ്തിയാണ് കുട്ടികൾക്ക് ഇത് തെരഞ്ഞെടുക്കാനുള്ള കാരണമെന്ന് സിംഗപ്പൂർ ഹെൽത്ത് സയൻസ് അതോറിറ്റി വ്യക്തമാക്കി. മുതിർന്നവർക്ക് ലഭ്യമാക്കുന്ന ഫലപ്രാപ്തി കുട്ടികളിലും നല്കാൻ ഫൈസർ പര്യാപ്തമാണെന്നും സിംഗപ്പൂർ ആരോഗ്യമന്ത്രി ഓജി യെ കംങ് അഭിപ്രായപ്പെട്ടു.

അതേ സമയം കുട്ടികളിൽ ഫൈസർ വാക്‌സിന്റെ ഉപയോഗം സംബന്ധിച്ച പ്രക്രിയ യൂറോപ്പ്യൻ മെഡിക്കൽ ഏജൻസി വിലയിരുത്തി വരികയാണ്. എന്നാൽ കൊറോണ വൈറസിന്റെ മൂന്നാംഘട്ട വ്യാപനം കുട്ടികളെയാണ് ഏറ്റവും ബാധിക്കുകയെന്ന് പ്രവചിക്കപ്പെട്ടിട്ടും ഇന്ത്യയിൽ ഇക്കാര്യത്തിൽ ഇനിയും വ്യക്തമായ തീരുമാനം സർക്കാർ എടുത്തിട്ടില്ല.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പല രാജ്യങ്ങളിലും കുട്ടികളിൽ കൊറോണ ബാധ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. അത്തരം സാഹചര്യത്തിലാണ് അടിയന്തര പ്രാധാന്യം കല്പ്പിച്ച് കുട്ടികൾക്ക് വാക്‌സിൻ എടുക്കുന്നതിന് കൂടുതൽ രാജ്യങ്ങൾ തയ്യാറാവുന്നത്.