തിരുവനന്തപുരം: മൂല്യ നിർണയം വൈകുന്നതോടെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങളും ഇത്തവണ വൈകുമെന്ന് ഉറപ്പായി. കൊറോണ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. പരീക്ഷാഫലം വൈകുന്നത് തുടർപഠനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.
മേയ് അഞ്ച് മുതൽ പ്ലസ് ടു, 10 മുതൽ എസ്.എസ്.എൽ.സി മൂല്യനിർണയം ആരംഭിക്കാനുള്ള തീരുമാനം കൊറോണ വ്യാപിച്ചതോടെ മാറ്റി. ജൂൺ പകുതിയോടെ ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ സമയത്തിനുള്ളിൽ മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കുക പ്രയാസമാവും.
കൊറോണ കുറയാതെ ക്യാമ്പുകൾ ആരംഭിക്കരുതെന്ന അഭിപ്രായമാണ് അദ്ധ്യാപകർക്ക്. ഉത്തരക്കടലാസുകൾ അദ്ധ്യാപകരുടെ വീടുകളിലെത്തിച്ച് മൂല്യനിർണയം നടത്തുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് ചില അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വീടുകളിലെ മൂല്യനിർണയം ആരോപണങ്ങൾക്ക് വഴിവച്ചേക്കുമെന്ന കാരണത്താൽ ഇതിനെ എതിർക്കുന്നവരുമുണ്ട്.