രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം സർവകാല റെക്കോർഡിൽ; 11 വർഷത്തെ ഉയർന്ന നിരക്ക്

മുംബൈ: രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം സർവകാല റെക്കോർഡിൽ. 11 വർഷത്തിനുള്ളിലെ ഉയർന്ന നിരക്കിലെത്തി. ഏപ്രിൽ മാസത്തിൽ 10.49 ശതമാനത്തിൽ സൂചികയെത്തിയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിൽ പറയുന്നു. ലോഹം, ഊർജം, ഇന്ധനം, നിർമ്മാണ വസ്തുക്കൾ എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാൻ കാരണം.

അസംസ്‌കൃത എണ്ണവില, നിർമ്മാണ വസ്തുക്കളുടെ വില എന്നിവ മുൻവർഷത്തെ അപേക്ഷിച്ച്‌ ഉയർന്നതാണ് പണപ്പെരുപ്പം ഉയരാൻ കാരണമെന്ന് മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പം 4.29% ആയി കുറഞ്ഞിരുന്നുവെന്ന് മന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

മാർച്ചിൽ മൊത്തവില സൂചിക 7.39% ആയിരുന്നു. എന്നാൽ അത് ഫെബ്രുവരിയിൽ 4.83% ആയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ -1.57 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം ഈ നിലയിൽ എത്തിയത്.

ഇന്ധന ഊർജ വിലയിൽ 20.94 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. പെട്രോൾ വിലയിൽ 42.37%, ഹൈ സ്പീഡ് ഡീസൽ 33.82%, എൽപിജി 20.34പ എന്നിങ്ങനെ വിലവർധനവ് ഉണ്ടായി. നിർമ്മാണ വസ്തുക്കളുടെ വില 9.01 ശതമാനമാണ് ഉയർന്നത്.

ധാന്യങ്ങൾ, പഴങ്ങൾ, മുട്ട, മാംസ്യം, മത്സ്യം എന്നിവയുടെ വില വർധന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കി. ധാന്യ വർഗങ്ങൾക്ക് 10.74% വില വർധിച്ചപ്പോൾ പഴവർഗങ്ങൾക്ക് 27.43 ശതമാനവും മുട്ട, മാംസ്യം, മത്സ്യം എന്നിവയ്ക്ക് 10.88 ശതമാനവും വില കൂടി. എന്നാൽ പച്ചക്കറി വില മുൻമാസത്തെ അക്ഷേിച്ച്‌ കുറഞ്ഞു.