കൊറോണ ബാധിതനായി ആശുപത്രി വരാന്തയിൽ കിടന്ന് ചികിൽസാ അനാസ്ഥ പങ്കുവച്ച യുവാവ് മരിച്ചു

തൃശ്ശൂർ: ആശുപത്രി വരാന്തയിൽ കിടന്ന് കൊറോണ ബാധിച്ച യുവാവ് ചികിൽസാ അനാസ്ഥ ചൂണ്ടിക്കാട്ടിയതി​ന് പിന്നാലെ മരിച്ചു. നടുവിൽക്കര വടക്കുമുറി പയ്യോർമാടിൽ താമസിക്കുന്ന ‘മാണിവിഗ്രഹം’ വീട്ടിൽ നകുലനാണ്​ (39) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വൃക്കരോഗി കൂടിയായ നകുലൻ ചികിത്സയിലും പരിചരണത്തിലുമുള്ള അനാസ്ഥയും ത​ൻെറ ദുരവസ്ഥയും ​ചൊവ്വാഴ്​ച വിഡിയോ ആയി വാട്​സ്​ആപ് ​ഗ്രൂപ്പിലൂടെ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ 12 വർഷമായി ആഴ്​ചയിൽ മൂന്ന് ഡയാലിസിസിന്​ വിധേയനായാണ്​ നകുലൻ ജീവൻ നിലനിർത്തിയിരുന്നത്. സഹോദരങ്ങളായ ഗിരിജയും അഭിമന്യുവും വൃക്കരോഗം ബാധിച്ചാണ്​ ഏതാനും വർഷം മുമ്പ് മരിച്ചത്​. ആറുദിവസം മുമ്പാണ്​ സഹോദരനുമൊത്ത്​ നകുലൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസിന്​ എത്തിയത്. തലവേദന അനുഭവപ്പെട്ടപ്പോൾ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ആൻറിജൻ പരിശോധന നടത്തി. അതിൽ നെഗറ്റിവായിരുന്നു.

ആർടി.പിസിആർ പരിശോധനയിൽ പോസിറ്റിവായി. കൂടെവന്ന സഹോദരനെ പരിശോധിച്ചപ്പോൾ അദ്ദേഹവും പോസിറ്റിവാണെന്ന്​ കണ്ടെത്തി. ഇതോടെ നകുലനെ വരാന്തയിൽ കിടത്തി. ഹൃദയത്തിനും വൃക്കക്കും രോഗമു​ള്ളയാളാണെന്ന്​ അറിയിച്ചിട്ടും വരാന്തയിൽതന്നെ കിടത്തിയെന്ന്​ നകുലൻ വിഡിയോയിൽ പറഞ്ഞിരുന്നു. തൃത്തല്ലൂരിലെ പാലിയേറ്റിവ്​ സെൻ്ററിൽനിന്ന്​ കിട്ടുന്ന മരുന്നാണ്​ സ്ഥിരമായി കഴിക്കുന്നത്​. മരുന്ന് വീട്ടിലാണ്. പുറത്തുനിന്ന്​ മെഡിക്കൽ കോളജിലേക്ക്​ മരുന്ന്​ കൊണ്ടുവരാൻ അനുമതിയില്ല. രണ്ട് ദിവസം ഭക്ഷണവും വെള്ളവും ലഭിച്ചില്ല.

ബ്രഷില്ലാതെ പല്ലുതേക്കാൻ പോലും പറ്റുന്നില്ലെന്ന്​ പറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന്​ നകുലൻ പറഞ്ഞിരുന്നു. ക്ഷീണം കാരണം എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായ നകുലൻ തല ചുറ്റൽ ഉണ്ടായതോടെ ചൊവ്വാഴ്ച രാവിലെ ആശുപത്രി സൂപ്രണ്ടിനെയും ബന്ധപ്പെട്ടവരെയും അറിയിക്കണമെന്ന്​ അപേക്ഷിച്ചാണ്​ വിഡിയോ പങ്കുവെച്ചത്​. വിഡിയോ എടുക്കുന്നത്​ നഴ്​സ്​ ചോദ്യം ചെയ്​തിരുന്നു.

ചൊവ്വാഴ്ച രാത്രി വയറിളക്കം വന്ന്​ തളർന്നു. പരാതി പരിഹരിക്കപ്പെടാതെ നകുലൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. നകുല​ൻെറ സഹോദര​ൻെറ ഭാര്യക്കും മാതാവിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്​. അവിവാഹിതനായ നകുലൻ തൊഴിലെടുത്താണ്​ ചികിത്സക്ക്​ പണം കണ്ടെത്തിയിരുന്നത്​. സ്വന്തമായി ഓട്ടോറിക്ഷയുമുണ്ട്.